ലൈഫ് മിഷൻ കോഴക്കേസ്; ഇഡിയ്ക്ക് മുന്നിൽ സിഎം രവീന്ദ്രൻ ഹാജരാകില്ല

ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് സി.എം.രവീന്ദ്രൻ ഇന്ന് ഹാജരാകില്ല. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇപ്പോൾ നിയമസഭയിലെത്തിയിട്ടുണ്ട്. ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസമാണിന്ന്.

രാവിലെ 10.30ന് കൊച്ചിയിലെ ഓഫിസിൽ എത്താനായിരുന്നു സി എം രവീന്ദ്രന് ഇഡി നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ കൊച്ചിയിലെത്താതെ സിഎം രവീന്ദ്രൻ നിയമസഭയിലെത്തുകയായിരുന്നു. നിയമസഭ ചേരുന്ന ദിവസങ്ങളായതിനാൽ ഔദ്യോഗിക തിരക്കുകൾ ഉണ്ടെന്ന് രവീന്ദ്രൻ ഇഡിയെ അറിയിച്ചു. ഇമെയിൽ വഴിയാണ് ഇഡിയെ അറിയിച്ചത്. അതേസമയം പ്രതികരണത്തിന് സിഎം രവീന്ദ്രൻ തയാറായിട്ടില്ല.

ലൈഫ് മിഷൻ കോഴകേസിൽ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനൽകിയിട്ടുണ്ട്.

കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രൻറെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു.ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്‌സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *