ലഹരി സംഘം പോലീസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി

മുംബൈയിൽ ലഹരി സംഘം പോലീസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി. വർളി ക്യാമ്പിലെ കോൺസ്റ്റബിൾ വിശാൽ പവാറാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഏപ്രിൽ 28ന് മാട്ടുംഗ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തൻ്റെ ഫോൺ തട്ടിയെടുത്തവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിശാലിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം.

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഫോൺ ചെയ്യുകയായിരുന്ന വിശാലിന്റെ ഫോൺ അക്രമി സംഘത്തിലെ ഒരാൾ തള്ളി താഴെയിട്ടു. താഴെ വീണ ഫോൺ അയാൾ എടുക്കുകയും കടന്നു കളയാൻ ശ്രമിക്കുകയും ചെയ്തു. ട്രെയിൻ വേഗത കുറച്ച് പോകുന്നതിനാൽ വിശാൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങി ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ മോഷ്ടാവിനെ പിന്തുടര്‍ന്നു. മോഷ്ടാവിനെ പിന്തുടരുന്നതിനിടെ ലഹരി സംഘം വിശാലിനെ വളയുകയായിരുന്നു. അതേസമയം ഈ സമയം വിശാല്‍ യൂണിഫോമില്‍ ആയിരുന്നില്ല.

തുടര്‍ന്ന് ലഹരി സംഘം വിശാലിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സംഘത്തിലെ ഒരാള്‍ വിശാലിന്റെ മുതുകില്‍ വിഷം കുത്തിവെക്കുകയായിരുന്നു. ചുവന്ന നിറത്തിലുള്ള ദ്രാവകം ലഹരി സംഘം കുടിപ്പിച്ചതായും വിശാൽ മൊഴി നൽകിയിരുന്നു. പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *