ലഹരിയെ കുറിച്ച് രഹസ്യ വിവരത്തിൽ റെയ്ഡ് നടത്തുമ്പോൾ ജാ​ഗ്രത വേണമെന്ന് എം.ബി രാജേഷ്

ലഹരിവസ്തു വിൽപ്പന രഹസ്യ വിവരത്തിൽ അറസ്റ്റും റെയ്ഡുമുണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. രഹസ്യ വിവരങ്ങളിൽ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണം. ഇരിങ്ങാലക്കുടയിൽ നിരപരാധിയായ വീട്ടമ്മ അറസ്റ്റിലായതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു നിർദ്ദേശം. വ്യക്തി വൈരാശ്യം തീർക്കാൻ നിരവധി പേർ വിവരം കൈമാറുന്നുണ്ടെന്ന് എക്സൈസ് കമ്മീഷണർ പറഞ്ഞു. എല്ലാറെയ്ഞ്ചിലും പരിശോധന കിറ്റുകൾ കൂടുതലായി എത്തിക്കാനും തീരുമാനമായി. 

വ്യാജ ലഹരി കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസില്‍ നിന്നും ഒഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും. അതിനിടെ  ഷീലയ്ക്കെതിരെ കേസെടുത്ത എക്സൈസ് ഇന്‍സ്പക്ടര്‍ കെ. സതീശന്‍റെ മൊഴിയും മഹസ്സര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു. 

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബ്യൂട്ടീപാര്‍ലറിലെത്തി ഷീലയെ അറസ്റ്റ് ചെയ്തെന്നാണ് സതീശന്‍ നല്‍കിയ മൊഴി. എന്നാല്‍ സ്കൂട്ടറില്‍ നിന്നിറങ്ങിയ ഷീലയെ തടഞ്ഞു നിര്‍ത്തി പിടികൂടുകയായിരുന്നെന്നാണ് സതീശന്‍ നല്‍കിയ മൊഴി. ഇക്കാര്യങ്ങളും എക്സൈസ് ക്രൈംബ്രാഞ്ച് പരിശോധിക്കും. കൊച്ചിയിലെ അന്വേഷണ സംഘത്തിന് മുന്നില്‍ സതീശന്‍ ഔദ്യോഗിക ഫോണ്‍ ഹാജരാക്കിയിട്ടുണ്ട്. ഫോണ്‍ വിശദ പരിശോധനയ്ക്ക് പൊലീസ് സൈബര്‍ സെല്ലിന് കൈമാറാനാണ് തീരുമാനം. അതിനിടെ ഷീലയ്ക്ക് വീണ്ടും ബ്യൂട്ടി പാര്‍ലര് തുറക്കാനുള്ള സഹായ വാഗ്ദാനവുമായി മലപ്പുറം കൽപകഞ്ചേരി ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള തണൽ സംഘടന മുന്നോട്ടുവന്നിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *