ലഹരിമാഫിയയുടെ ആക്രമണത്തിൽ എക്‌സൈസ് സംഘത്തിലെ 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

എക്സൈസ് സംഘത്തെ ലഹരി മാഫിയ ആക്രമിച്ചു. മുണ്ടക്കല്‍ ബീച്ചിന് സമീപം കൊല്ലം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിനെയാണ് മയക്കുമരുന്ന് ഗുളികള്‍ പിടികൂടവേ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്.

ഉദയമാര്‍ത്താണ്ഡപുരം ചേരിയില്‍ വച്ച്‌ മയക്കുമരുന്ന് ഗുളികള്‍ വില്പന നടത്തുകയായിരുന്ന മുണ്ടക്കല്‍ സ്വദേശി ലാറ എന്ന് വിളിക്കുന്ന രതീഷിനെ പിടികൂടുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. 41( 22.9 ഗ്രാം) ലഹരി ഗുളികകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. എക്സൈസ് ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍ നല്‍കിയ വിവരപ്രകാരം പരിശോധനയ്ക്ക് എത്തിയതായിരുന്നു എക്സൈസ് ഇൻസ്പെക്ടര്‍ വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ്.

ആക്രമണത്തിനിടെ മുണ്ടക്കല്‍ സ്വദേശികളായ സുജിത്ത്, അജിത്ത്, സെഞ്ചുറി നഗര്‍ സ്വദേശി ലെനിൻ ബോസ്കോ എന്നിവരെ എക്സൈസ് സംഘം സാഹസികമായി കീഴടക്കി. എന്നാല്‍ ഒന്നാം പ്രതി രതീഷിനെ സഹോദരന്മാരായ സുധീഷ്,ഗിരീഷ് എന്നിവരും സനോഫര്‍ എന്നയാളും കണ്ടാലറിയാവുന്ന മറ്റ് 3 പേരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

പ്രതികളുടെ ആക്രമണത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ജൂലിയൻ ക്രൂസിൻ്റെ വലത് കൈയ്ക്ക് പൊട്ടലുണ്ട്. സിവില്‍ എക്സൈസ് ഓഫീസര്‍ സൂരജിൻ്റെ കണ്ണിനും കീഴ് ചുണ്ടിനും പരിക്കുണ്ട്. പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്കും പരിക്കുകള്‍ ഉണ്ട്. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ പ്രതി ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

എക്സൈസ് ഇൻസ്പെക്ടര്‍ വിഷ്ണുവിനെ കൂടാതെ പിഓ പ്രസാദ് കുമാര്‍, സിഇഒ മാരായ ശ്രീനാഥ്, നിധിൻ, അജിത്ത്, ജൂലിയൻ ക്രൂസ്, ഗോപകുമാര്‍, സൂരജ്, ഡ്രൈവര്‍ സുഭാഷ് എന്നിവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *