ലഹരിക്കടത്ത് കേസ്: ഷാനവാസിനെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം

കൗൺസിലറുടെ വാഹനത്തിലെ ലഹരിക്കടത്ത് കേസിൽ സി പി എം കൗൺസിലർ ഷാനവാസിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പൊലീസ് സൂപ്രണ്ട് ചൈത്ര തെരേസ ജോണിന് ലഭിച്ച പരാതികളിലാണ് അന്വേഷണം. സിപിഎം പ്രാദേശിക നേതാക്കളും ഷാനവാസിനെതിരെ പരാതി നൽകിയവരിലുണ്ട്. വൻ റാക്കറ്റാണ് ലഹരിക്കടത്തിന് പിന്നിലെന്നാണ് പരാതികളിലെ ആരോപണം. ആലപ്പുഴ കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ ഫണ്ട് ശേഖരണം ഇതിന്റെ ഭാഗമായുണ്ടെന്നും സിപിഎം നേതാക്കൾ ഉൾപ്പെട്ട റാക്കറ്റിന് പൊലീസ് സഹായവും ലഭിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഷാനവാസിന്റെ ആസ്തികൾ, സാമ്പത്തിക ഇടപാടുകൾ, ലഹരി, ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധം എന്നിവ സ്പെഷൽ ബ്രാഞ്ച് പരിശോധിക്കും.

അതേസമയം ഷാനവാസിനെതിരെ ആരോപണങ്ങൾ ഉയർന്ന കൊല്ലം കരുനാഗപ്പള്ളി ലഹരിക്കടത്തിൽ പ്രധാന പ്രതികളിൽ ഒരാളായ ജയന് വേണ്ടി പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ഷാനവാസിന്റെ ലോറി വാടകയ്ക്കെടുത്ത ഇടുക്കി സ്വദേശി ജയനെ കണ്ടെത്താനായില്ല. ജയൻ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പൊലീസ് പറയുന്നു. സിപിഎം നേതാവായ ഷാനവാസിന് വാടകക്കരാ‍ർ തയ്യാറാക്കി നൽകിയ അഭിഭാഷക, മുദ്രപത്രം നൽകിയ ആൾ എന്നിവരെ മൊഴി എടുക്കാനായി പൊലീസ് വിളിപ്പിച്ചിരുന്നു. വാഹനം വാടകയ്ക്ക് നൽകിയെന്നാണ് രണ്ടാമത്തെ ലോറിയുടെ ഉടമയായ അൻസർ നൽകിയ മൊഴി. ഇക്കാര്യം ശരിയാണോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നു.

വൻ പാൻമസാല ശേഖരം പിടികൂടി രണ്ട് ദിവസം കഴിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് സംഘം വിളിച്ചപ്പോൾ ജയൻ താൻ എറണാകുളത്ത് ഉണ്ടെന്ന് മറുപടി നൽകിയിരുന്നു. ആദ്യഘട്ടം മുതൽ ലോറി ജയന് വാടകയ്ക്ക് നൽകിയെന്നാണ് ആലപ്പുഴയിലെ സിപിഎം നേതാവായ ഷാനവാസ് പറഞ്ഞിരുന്നത്. എന്നാൽ ജയനിലേക്ക് പൊലീസ് അന്വേഷണം നീണ്ടത് ഏറെ വൈകിയായിരുന്നു. കേസിലെ പ്രധാനികളെ രക്ഷപെടാൻ പൊലീസ് സഹായിക്കുന്നുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനവും അന്വേഷണ സംഘത്തിന്റെ ഈ മെല്ലെപ്പോക്ക് തന്നെ.

Leave a Reply

Your email address will not be published. Required fields are marked *