ലഡാക്കിൽ 56 വർഷം മുമ്പ് വിമാനാപകടത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന് ആദരാജ്ഞലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പേജിലുടെയാണ് മുഖ്യമന്ത്രി തോമസ് ചെറിയാന്റെ ഫോട്ടോ പങ്കുവെച്ച് ആദരമർപ്പിച്ചത്. കുടുബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി കുറിച്ചു
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം
ലേ ലഡാക്കിൽ 56 വർഷം മുമ്പ് വിമാനാപകടത്തിലാണ് ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ വീരമൃത്യു വരിച്ചത്. ഈ മാസം ഒന്നിനാണ് തോമസ് ചെറിയാനടക്കം നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിൽ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽനിന്നും ലഭിച്ച രേഖകളിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്.
തുടർന്ന്, മൃതദേഹം ബന്ധുക്കൾ സ്വീകരിക്കാൻ തയാറാണോ എന്നറിയാൻ സൈന്യം ആറന്മുള പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. പൊലീസ് ബന്ധുക്കളെ കണ്ടെത്തുകയും മൃതദേഹം സ്വീകരിക്കാൻ തയാറാണെന്ന് അവർ അറിയിക്കുകയും ചെയ്തതോടെ മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു. 1968ൽ തോമസ് ചെറിയാന്റെ 22ാം വയസിലായിരുന്നു വിമാനാപകടം. 102 പേരുമായി ചണ്ഡീഗഢിൽനിന്ന് ലേ ലഡാക്കിലേക്ക് പോയ സൈനികവിമാനം രോഹ്താങ് പാസിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.
തോമസ് ചെറിയാൻ പരിശീലനം പൂർത്തിയാക്കി പോവുമ്പോഴായിരുന്നു അപകടമുണ്ടാവുന്നത്. 2003ൽ വിമാനത്തിന്റെ അവശിഷ്ടങ്ങളും 2019ൽ അഞ്ച് പേരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇതിനു ശേഷം അഞ്ച് വർഷത്തിനു ശേഷമാണ് നാലു പേരുടെ കൂടി മൃതദേഹം കിട്ടുന്നത്. മൽകാൻ സിങ്, നാരായൺ സിങ് എന്നിവരുടേതാണ് തിരിച്ചറിഞ്ഞ മറ്റ് രണ്ടു മൃതദേഹങ്ങൾ. 56 വർഷം കൊണ്ട് ആകെ ലഭിച്ചത് ഒമ്പത് മൃതദേഹങ്ങളാണ്. അപകടസ്ഥലത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ് സൈന്യം. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമെറിയ തിരച്ചിലും ഇതാണ്. ഇന്നലെ തിരുവനന്തപുരം വിമാനത്താളത്തിലെത്തിച്ച മൃതദേഹം പാങ്ങോട് സൈനിക ക്യാമ്പിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. സൈനിക അകമ്പടിയോടെയാണ് മൃതദേഹം ഇലന്തൂരിലെത്തിച്ചത്. പൊതുദർശനത്തിനു ശേഷം ഇലന്തൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഉച്ചയ്ക്ക് 3.30നാണ് ഖബറടക്കം.