ലക്ഷങ്ങൾ വില; കേരളതീരത്ത് അത്യപൂർവമായ ‘ഗോൽഫിഷ്’ ചേറ്റുവ തീരത്ത്

കടലിലെ സ്വർണം എന്നറിയപ്പെടുന്ന ‘ഗോൽഫിഷ്’ ചേറ്റുവയിലെ മത്സ്യത്തൊഴിലാളികൾക്കു കിട്ടി. കേരളതീരത്ത് അത്യപൂർവമായാണ് ഇവയെ കാണുന്നത്. രാജ്യാന്തര മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന അസംസ്‌കൃത വസ്തുക്കളായി മാറ്റിയെടുക്കാവുന്ന മത്സ്യമാണിത്.

മത്സ്യത്തൊഴിലാളികളായ ചോപ്പൻ അബ്ദുസമദ്, ചേന്ദങ്കര ചന്തു എന്നിവർക്കാണ് ഇന്നലെ ഉച്ചയോടെയാണ് നാലേമുക്കാൽ കിലോയുള്ള മീൻ കിട്ടിയത്. കടലിൽ മാത്രം കാണുന്ന പടുത്തകോര, സ്വർണക്കോര എന്നിങ്ങനെ അറിയപ്പെടുന്ന ഗോൽഫിഷ് ചേറ്റുവ അഴിയിലൂടെ വേലിയേറ്റ സമയത്ത് പുഴയിലേക്ക് എത്തിയെന്നാണ് കരുതുന്നത്.

അടുത്തിടെ കൊല്ലം നീണ്ടകരയിൽ ഗോൽഫിഷിനെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. കൊല്ലത്തുള്ള തൊഴിലാളികൾക്ക് ചിത്രം അയച്ചു കൊടുത്താണ് ഉറപ്പാക്കിയത്. ഗോൽഫിഷിന്റെ ബ്ലാഡർ (പളുങ്ക്) ഉപയോഗിച്ചുള്ള നൂൽ ഹൃദയശസ്ത്രക്രിയയ്ക്ക് ഉൾപ്പെടെ ഉപയോഗിക്കാറുണ്ടെന്നു പറയുന്നു. വിദേശ രാജ്യങ്ങളിൽ ആവശ്യക്കാർ ഏറെയുണ്ട്. മാംസത്തിനു കിലോ 250 രൂപ മാത്രമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *