റൺവേ നവീകരണം; തിരുവനന്തപുരം വിമാനം റൺവേ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അടച്ചിടും

റൺവേ നവീകരിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസ് പുന:ക്രമീകരിക്കും. റൺവേയുടെ റീ കാർപെറ്റിങ് അടക്കമുള്ള നവീകരണ പദ്ധതി 14 മുതൽ തുടങ്ങുന്നത് കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ റൺവേ അടച്ചിടും. ഈ സമയത്തുള്ള വിമാന സർവീസുകളുടെ സമയമാണ്  പുനക്രമീകരിച്ചിരിക്കുന്നത്. 

പുതിയ സമയക്രമം വിമാന കമ്പനികൾ യാത്രക്കാരെ  അറിയിക്കും. രാവിലെ 8.50  ആണ് അവസാന സർവീസ്. മാർച്ച് 29 വരെയാണു റൺവേ നവീകരണമെന്നതിനാൽ അതുവരെ ഇതേ നില തുടരും. 3374 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേ 2017ലാണ് അവസാനമായി നവീകരിച്ചത്. നിലവിലുള്ള റൺവേയുടെ ഉപരിതലം പൂർണമായി മാറ്റി രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമുള്ള ഘർഷണം ഉറപ്പാക്കി പുനർനിർമിക്കാനാണ് തീരുമാനം.ഇതിനൊപ്പം നിലവിലെ എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ് സിസ്റ്റം എൽഇഡിയാക്കി മാറ്റും. പുതിയ സ്റ്റോപ്പ് ബാർ ലൈറ്റ് സ്ഥാപിക്കും. 

ഒരു വർഷത്തോളം നീണ്ട മുന്നൊരുക്കങ്ങൾക്കു ശേഷമാണു റൺവേ നവീകരണം ആരംഭിക്കാൻ ഒരുങ്ങുന്നത്. യാത്രക്കാർക്ക് അസൗകര്യം പരമാവധി കുറയ്ക്കുന്ന രീതിയിലാണു സർവീസുകളുടെ പുനക്രമീകരണം. പ്രതിദിനം 96 സർവീസുകൾ ഈ കാലയളവിൽ ഓപ്പറേറ്റ് ചെയ്യും. കൂടാതെ ഏപ്രിൽ മുതലുള്ള വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ രാജ്യാന്തര സർവീസുകൾ പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *