റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ‌ശ്രമിക്കുന്നത്; പി.എ. മുഹമ്മദ് റിയാസ്

റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ‌ശ്രമിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നജീബ് കാന്തപുരം എംഎൽഎയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രവർത്തി നടക്കുന്ന റോഡുകളിലും, പ്രവർത്തി വിവിധ കാരണങ്ങളാൽ തടസപ്പെട്ട റോഡുകളിലും യൂട്ടിലിറ്റി പ്രവർത്തി നടക്കുന്ന ചില റോഡുകളിലും, കോടതി വ്യവഹാരവും മറ്റുമുള്ള റോഡുകളിലും ചില ബുദ്ധിമുട്ടുകളുണ്ട്. അതേസമയം റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ശാസ്ത്രീയ മാർഗങ്ങളാണ് അവലംബിച്ചുവരുന്നതെന്നും ഡിഫക്ട് ലയബിലിറ്റി പീര്യഡ് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ നിരീക്ഷണത്തിന് എം.എൽ.എമാർക്കുകൂടി അവസരമുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 90 ശതമാനം റോഡുകളും പൂര്‍ണ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുപറയാനാകുമെന്നും റോഡ് സാന്ദ്രതയുടെ കാര്യത്തിൽ ദേശീയശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആകെ 2.35 ലക്ഷം കിലോമീറ്റര്‍ റോഡാണുള്ളത്. അതില്‍ 29522 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡും 1.96 ലക്ഷം തദ്ദേശവകുപ്പിനു കീഴിലുമാണ്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനുകീഴില്‍ 24376 കിലോമീറ്റര്‍ റോഡാണുള്ളത്.

4783 കിലോമീറ്റര്‍ പരിപാലന കാലാവധിയിലും 19908 കിലോമീറ്റർ റോഡ് റണ്ണിങ് കോൺട്രാക്ട് പരിധിയിലുമാണ്. 824 കോടി രൂപയാണ് റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലനത്തിനു മാത്രമായി ഭരണാനുമതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. 16850 കിലോമീറ്ററോളം ബി.എം.ബി.സി നിലവാരത്തിൽ പണിതുകഴിഞ്ഞു. അഞ്ചുവർഷംകൊണ്ട് പകുതി റോഡുകൾ ഈ നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും മൂന്നുവർഷംകൊണ്ട് ലക്ഷ്യം നേടാനായി. വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെയാണ് റോഡുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും മുന്നോട്ടു പോകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *