റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേര് നല്‍കണം: കൊച്ചി നഗരസഭാ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന് കൊച്ചി മഹാരാജാവായിരുന്ന രാജര്‍ഷി രാമവര്‍മയുടെ പേര് നല്‍കണമെന്ന് കൊച്ചി നഗരസഭാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കൊച്ചിയുടെയും കേരളത്തിന്റെയും വികസനത്തിന് നിര്‍ണായക ചുവടുവെപ്പായിരുന്നു ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പ്പാത നിര്‍മാണം.

1902 ജൂലായ് 6-ന് ഈ പാത യാഥാര്‍ഥ്യമാക്കിയത് കൊച്ചി മഹാരാജാവായിരുന്ന വലിയ തമ്പുരാന്‍ എന്നറിയപ്പെടുന്ന രാജര്‍ഷി രാമവര്‍മയാണ്. നാട്ടുരാജ്യമായ കൊച്ചിയുടെ ഭൂപ്രകൃതിയുടെ ശക്തി മനസ്സിലാക്കി വനസമ്പത്ത് തുറമുഖത്ത് എത്തിക്കാന്‍ 1905-ല്‍ പറമ്പിക്കുളം ട്രംവേ സ്ഥാപിച്ച് കൊച്ചി തുറമുഖത്തിന്റെയും കൊച്ചിയുടെയും വാണിജ്യമേഖലയെ ശക്തിപ്പെടുത്തിയതും ഈ ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു.

തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ 15 തങ്ക നെറ്റിപ്പട്ടങ്ങളില്‍ 14 എണ്ണവും വിറ്റ് ആ തുകകൊണ്ടാണ് ഷൊര്‍ണൂര്‍-എറണാകുളം റെയില്‍പ്പാത അദ്ദേഹം യാഥാര്‍ഥ്യമാക്കിയത് എന്നതാണ് ചരിത്രം. എറണാകുളം ജങ്ഷന്‍ റെയില്‍വേസ്റ്റേഷന്റെ നവീകരണം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍, കൊച്ചിയുടെ വികസനത്തിന് നാഴികക്കല്ലായി മാറിയ ഈ റെയില്‍പ്പാത നിര്‍മിച്ച മഹാരാജാവിനോടുള്ള ആദരകസൂചകമായി റെയില്‍വേ സ്റ്റേഷന്റെ പേര് രാജര്‍ഷി രാമവര്‍മ സ്റ്റേഷന്‍ എന്നാക്കി മാറ്റണമെന്ന് കൊച്ചി നഗരസഭാ കൗണ്‍സില്‍ പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും റെയില്‍വേയോടും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *