റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഓണം ബമ്പര്‍ വില്‍പ്പന കുതിക്കുന്നു; നറുക്കെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ ഓണം ബമ്പര്‍ വില്‍പ്പന കുതിക്കുന്നു. നറുക്കെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഈ റെക്കോര്‍ഡ് വില്‍പ്പന.

ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌, ഇതുവരെ 67,31,394 ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇത്തവണ 80 ലക്ഷം ടിക്കറ്റുകള്‍ നാല് ഘട്ടങ്ങളിലായിലാണ് അച്ചടിച്ചിരിക്കുന്നത്. 90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാനുള്ള അനുമതിയുണ്ട്. ജൂലൈ 27 മുതലാണ് സംസ്ഥാനത്ത് ഓണം ബമ്ബര്‍ വില്‍പ്പന ആരംഭിച്ചത്. വില്‍പ്പന ആരംഭിച്ച ദിവസം തന്നെ 4,41,600 വിറ്റഴിച്ചത്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ ഇതും പുതിയ റെക്കോര്‍ഡാണ്.

ഇത്തവണ കൂട്ടുചേര്‍ന്ന് ടിക്കറ്റ് എടുക്കുന്ന പ്രവണതയാണ് ട്രെൻഡിംഗായി മാറിയിരിക്കുന്നത്. 500 രൂപ വിലയുള്ള ടിക്കറ്റിന് അയല്‍ സംസ്ഥാനങ്ങളിലും വൻ ഡിമാൻഡാണ്. സെപ്റ്റംബര്‍ 20-നാണ് ഈ വര്‍ഷത്തെ ഓണം ബമ്ബറിന്റെ നറുക്കെടുപ്പ്. ഇത്തവണ സമ്മാന ഘടനയില്‍ വരുത്തിയ മാറ്റം വില്‍പ്പനയുടെ ആക്കം കൂട്ടിയിട്ടുണ്ട്. മുൻ വര്‍ഷത്തേക്കാള്‍ ഇക്കുറി 1,36,759 സമ്മാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 67.5 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 66.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. അതേസമയം, കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നറുക്കെടുപ്പ് നീട്ടണമെന്ന് ഏജന്റുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *