റിസോർട്ട് വിവാദത്തിൽ ജയരാജൻമാർക്കെതിരെ ഒരന്വേഷണവുമില്ല; എല്ലാം മാധ്യമ സൃഷ്ടിയെന്ന് എം വി ഗോവിന്ദൻ

സിപിഎമ്മിലെ റിസോർട്ട് വിവാദത്തിൽ അന്വേഷണ തീരുമാനം മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കണ്ണൂർ ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണ്. പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു വിവാദത്തിൽ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് സിപിഎം തീരുമാനം.

മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ച വേണ്ടെന്ന് നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ നേതാക്കളുടെ മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുമെന്നും സംസ്ഥാന സമിതിയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിസോർട്ട് വിവാദം ഇന്നലെ സംസ്ഥാന സമിതിയിൽ ഇ.പി.ജയരാജൻ വിശദീകരിച്ചു. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാൻ ഗൂഢാലോചന നടന്നെന്നായിരുന്നു ഇപിയുടെ വാദം. ഭാര്യക്കും മകനും നിക്ഷേപമുള്ളത് അനധികൃതമായി സമ്പാദിച്ചതല്ല. മനപൂർവ്വം വേട്ടയാടുന്നെന്നും ഇപി ആരോപിച്ചു. സംസ്ഥാന സമിതിയിലുയർന്ന ആക്ഷേപത്തിന് അവിടെ തന്നെ മറുപടി നൽകാനായിരുന്നു സെക്രട്ടേറിയറ്റ് നിർദ്ദേശം.

സംസ്ഥാന സമിതിയിൽ പൊട്ടിത്തെറിച്ചും വികാരാധീനനായും ഇപി മുൻ നിലപാട് വ്യക്തമാക്കി. വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ പൊതു പ്രവർത്തനം തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു ഇപിയുടെ മുന്നറിയിപ്പ്. വിവാദം സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം. പിബി അംഗങ്ങളുൾപ്പെട്ട രണ്ടംഗ സമിതി വരും. തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. വാർത്ത ചോർന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണമുണ്ടെന്നായിരുന്നു വിവരം. പരാതി ഉന്നയിച്ചപ്പോൾ എഴുതി നൽകിയാൽ അന്വേഷിക്കാമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പി ജയരാജനോട് പറഞ്ഞിരുന്നത്. രണ്ട് മാസമായിട്ടും ഇതിന് പി ജയരാജൻ തയ്യാറായിട്ടില്ല. റിസോർട് വിവാദവും വിശദീകരണവും ദേശീയ നേതൃത്വത്തെ അറിയിക്കും , വിവാദത്തിൽ തുടർ തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. ഇന്ധന സെസ് ഏർപ്പെടുത്തിയ തീരുമാനം സംസ്ഥാന സർക്കാർ തിരുത്തേണ്ട സാഹചര്യമില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *