റഷ്യയിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കും; കച്ചത്തീവ് വിഷയം ഡിഎംകെ പറയുന്നതിൽ പിഴവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

റഷ്യയില്‍ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുമെന്നും മലയാളികളെ കടത്തിയ ഏജന്‍റുമാര്‍ക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. റഷ്യയില്‍ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ റഷ്യയിലെ അംബാസിഡർക്ക് നിർദേശം നൽകിയിട്ടുണ്ട്, യുദ്ധമുഖത്തേക്ക് ഇന്ത്യക്കാരെ കടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എസ് ജയശങ്കര്‍ പറഞ്ഞു.

കച്ചത്തീവ് വിവാദത്തില്‍ ഡിഎംകെയെ കുറ്റപ്പെടുത്തിയും മന്ത്രി സംസാരിച്ചു. കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറുമ്പോൾ ഡിഎംകെ രഹസ്യമായി പിന്തുണച്ചു., ഡിഎംകെ പറയുന്നതും രേഖകളിൽ ഉള്ളതും രണ്ടും രണ്ടാണ്, വിഷയം കോടതിയിലായതിനാല്‍ കേന്ദ്രസർക്കാർ ഇപ്പോൾ നിലപാട് പറയുന്നില്ല, തമിഴ്നാട് ജനത സത്യം എന്താണെന്ന് അറിയേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയതാണ് എസ് ജയശങ്കര്‍. രാജീവ് മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും കേരളത്തിന്‍റെ ശബ്ദം ലോക്സഭയില്‍ കേൾക്കാനാകണം, രാജീവ് ചന്ദ്രശേഖറെയും വി മുരളീധരനെയും അങ്ങനെ കാണാനാണ് ആഗ്രഹമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *