രേഖകൾ സമർപ്പിച്ചില്ല, കേരളത്തിന് ദുരന്തപ്രതിരോധ ഫണ്ട് അനുവദിക്കില്ല; 66 കോടി നഷ്ടം

ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കേരളത്തിന് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. നേരത്തെ നൽകിയ ഫണ്ട് വിനിയോഗിച്ചതിന്റെ രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് ഇത്. ഇതോടെ 66 കോടി രൂപ കേരളത്തിന് ലഭിക്കാതെ പോകും. സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ട് വിനിയോഗത്തിന്റെ വിവരങ്ങൾ നൽകുന്നതിൽ കേരളം വീഴ്ച്ച വരുത്തിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. 

2021-22ലെ എസ്ഡിഎംഎഫിലെ കേന്ദ്രവിഹിതമായ 62.80 കോടി രൂപ 2022 മാർച്ച് 29ന് അനുവദിച്ചിരുന്നു. കേന്ദ്രത്തിൽനിന്നു പണം ലഭിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും നീക്കിയിരിപ്പിന്റെയും വിവരങ്ങൾ ഏപ്രിലിലും ഒക്ടോബറിലും കേന്ദ്ര ധനമന്ത്രാലയത്തിന് നൽകണം. സംസ്ഥാന വിഹിതത്തിന്റെയും ബജറ്റിൽ നീക്കിവച്ചതിന്റെയും വിശദാംശങ്ങളും നൽകണം.

2021-22ലെ ഫണ്ട് വിനിയോഗിച്ചതിന്റെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയ അഡീഷനൽ സെക്രട്ടറി ഹിതേഷ് കുമാർ എസ്.മക്വാന ചീഫ് സെക്രട്ടറി വി.പി ജോയ്ക്ക് അയച്ച കത്തിൽ പറയുന്നു. 2022-23ലെ കേന്ദ്രവിഹിതമായ 66 കോടി രൂപ ഇതിനാൽ അനുവദിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രേഖകൾ സമർപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം വിളിച്ചുചേർത്ത യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *