രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അബിൻ വർക്കി, അരിത ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സാധാരണ നടപടിക്രമങ്ങളൊന്നുമില്ലാതെയാണ് രാഹുലിനെ സംസ്ഥാന പ്രസിഡന്റായി യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസൻ പ്രഖ്യാപിച്ചത്. വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് പോലീസ് കേസുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ നിയമോപദേശം തേടിയ ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. യൂത്ത് കോൺഗ്രസ് ഡൽഹി ആസ്ഥാനത്ത് രാവിലെ പത്ത് മണിക്കായിരുന്നു അഭിമുഖം. അഭിമുഖത്തിനിടെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിച്ചെങ്കിലും സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് താല്പര്യം എന്നറിയിച്ചതിനെ തുടർന്ന് വൈസ് പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു. അരിത ബാബുവിനെയും വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചു. 2,21,986 വോട്ട് നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. അബിൻ 1,68,588 വോട്ട് നേടി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്.

അതേസമയം, പുതിയ നേതൃത്വം വരുന്നതിന്റെ ആശങ്കയാണ് വ്യാജ ഐ ഡി ആരോപണങ്ങൾക്ക് പിന്നിലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. സർക്കാരുകൾക്കെതിരെ നടക്കുന്ന സമരങ്ങളെ ഉൾപ്പെടെ തടയാൻവേണ്ടിയാണ് ഈ ആരോപണങ്ങൾ. പുതിയ കമ്മിറ്റി വരുന്നെന്ന് മനസിലാക്കി ആദ്യം വാർത്താസമ്മേളനം വിളിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമാണ്. സ്വാഭാവികമായും ഇവർക്ക് ആശങ്കയുണ്ടാകും..തള്ളിപോയ മെമ്പർഷിപ്പുകൾ എല്ലാം വ്യാജമാണെന്ന പ്രചാരണം തെറ്റാണെന്ന് യൂത്ത്‌കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി ശരിവെക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ മീഡിയവണിനോട് പറഞ്ഞിരുന്നു.

ഇതിനിടെ കേരളത്തിലെ യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ സംഘടനയ്ക്കുള്ളിൽ പരാതി നൽകിയവരെ കണ്ടെത്താനൊരുങ്ങുകയാണ് പൊലീസ്. ഇവരെ കണ്ടെത്തി മൊഴിയെടുത്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മൊഴികൾക്ക് പുറമെ പരമാവധി ശാസ്ത്രീയമായ തെളിവുകൾ കൂടി കണ്ടെത്താനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ക്രമക്കേടിൽ പ്രധാന നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി ദേശീയ കോഓഡിനേറ്റർ ഷഹബാസ് വടേരി രംഗത്തെത്തി. പുതുപ്പള്ളി തെരഞ്ഞെടുപ്പ് വേളയിലാണ് ഗൂഢാലോചന നടന്നത്. കർണാടക ബന്ധമുള്ളവർ മുഖേനയാണ് വ്യാജ ഐഡികാർഡുണ്ടാക്കുന്ന ആപ്പ് നിർമിച്ചത്. ഇതുൾപ്പെടുത്തി കെ.പി.സി.സി അധ്യക്ഷന് പരാതി നൽകിയെന്ന് ഷഹബാസ് മീഡിയവണിനോട് പറഞ്ഞു. കോഴിക്കോട് ക്രമക്കേട് നടത്തിയവരെക്കുറിച്ച് കോഴിക്കോട് സിറ്റി പൊലീസിൽ പരാതി നൽകുമെന്നും ഷഹബാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *