രാഹുൽ ഗാന്ധി എം.പി നിർമാണോദ്ഘാടനം ചെയ്യേണ്ട റോഡുകൾ ഉദ്ഘാടനം ചെയ്ത് പിവി അൻവർ എംഎൽഎ; സംഭവം വിവാദത്തിൽ

രാഹുല്‍ ഗാന്ധി എം പി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഉദ്ഘാടനം ചെയ്ത പി വി അന്‍വര്‍ എം എല്‍ എയുടെ നടപടി വിവാദത്തില്‍. ഇന്ന് വൈകിട്ട് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന റോഡുകളാണ് പിവി അന്‍വര്‍ എംഎൽഎ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തത്. നിലമ്പൂരിലെ പി എം ജി എസ് വൈ റോഡുകളുടെനിര്‍മ്മാണോദ്ഘാടനമാണ് എം എല്‍ എ നിര്‍വഹിച്ചത്.

പി വി അന്‍വറിന്‍റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു. എം എല്‍ എയുടെ ഉദ്ഘാടനം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നിര്‍ദേശം ലംഘിച്ചാണെന്നാണ് വിമര്‍ശനം. പി എം ജി എസ് വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍.എന്നാല്‍ കേന്ദ്രത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡുകള്‍ നിര്‍മിക്കുന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ നല്‍കിയ നിര്‍ദേശ പ്രകാരമാണ് ഈ റോഡുകള്‍ക്ക് അനുമതി ലഭിച്ചത്. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസുകാര്‍ തെറ്റിദ്ധരിപ്പിച്ച് ഉദ്ഘാടനത്തിന് കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

രാഹുല്‍ ഗാന്ധി എംപി ഇന്ന് മലപ്പുറം ജില്ലയിലെത്തും.രാവിലെ കടവ് റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ സീതി ഹാജിയുടെ നിയമസഭയിലെ പ്രസംഗങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യും. തുടര്‍ന്ന് പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കും. വണ്ടൂരിലും ചുങ്കത്തറയിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. വൈകിട്ട് നാലു മണിക്ക് വഴിക്കടവ് മുണ്ടയില്‍ നടക്കുന്ന ചടങ്ങില്‍ എം ഓ എല്‍ പി സ്കൂള്‍ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് വയനാട്ടിലേക്ക് തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *