രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കുന്നതില്‍ സ്മൃതി ഇറാനിക്കും പിണറായിക്കും ഒരേ സ്വരം; ആരോഗ്യമന്ത്രി സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനം; വിഡി.സതീശന്‍

രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കുന്നതില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഒരേ സ്വരവും ഒരേ വാദവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇവര്‍ രണ്ടുപേരുടെയും പ്രസ്താവന തയ്യാറാക്കിയത് ഒരു സ്ഥലത്താണോയെന്ന് സംശയം തോന്നുന്ന തരത്തിലുള്ളതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന അന്ന് മുതല്‍ ബിജെപി നേതൃത്വം ചെയ്യുന്ന അതേപോലെ തന്നെ രാഹുലിനെ ആക്ഷേപിക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരാളായി പിണറായി വിജയന്‍ മാറിയെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

കരുവന്നൂർ ബാങ്ക് അന്വേഷണത്തിന്റെ പേരിൽ ബിജെപി – സിപിഎം ഇലക്ഷൻ സ്റ്റണ്ടാണോ നടക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഎം – ബിജെപി അന്തര്‍ധാര ബിസിനസ് പങ്കാളിത്തം വരെ എത്തി. കേരളത്തിൽ ബിജെപി അപ്രസക്തമാണ്. സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ബിജെപിക്ക് പ്രസക്തി ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ജോലിയിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം കോൺഗ്രസ് അധികാരത്തിലെത്തിയാൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ കൊടി പിടിക്കണോ ഹോർഡിങ് പിടിക്കണോ എന്ന് ഞങ്ങൾ തിരുമാനിച്ചോളാമെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യം കോൺഗ്രസ് തീരുമാനിച്ചോളാം. എകെജി സെന്ററിൽ നിന്ന് തീരുമാനിക്കേണ്ട. ആദ്യം സ്വന്തം ചിഹ്നം നഷ്ടപ്പെടാതിരിക്കാൻ നോക്കൂ. മുസ്ലിം ലീഗ് ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. 40 വ‍ര്‍ഷമായി തുടരുന്ന സൗഹൃദമാണ്. മുഖ്യമന്ത്രി സമാന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സ്മൃതി ഇറാനി ആരോപണം ഉന്നയിച്ചത്. ബിജെപിയെ സന്തോഷിപ്പിക്കാനുള്ള പ്രസ്താവനയുമായാണ് മുഖ്യമന്ത്രി രംഗത്തിറങ്ങുന്നത്. ബിജെപിയുടെ നാവായി മുഖ്യമന്ത്രി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഐസിയു പീഢനകേസില്‍ പ്രതിയുടെ കൂടെയാണോ സര്‍ക്കാറും ആരോഗ്യമന്ത്രിയുമെന്ന് ചോദിച്ച അദ്ദേഹം, ആരോഗ്യമന്ത്രി സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനമാണെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *