Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
രാത്രി വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം; മറ്റാരും ഇത് ചെയ്യില്ലെന്നാണ് ഹരിഹരൻ - Radio Keralam 1476 AM News

രാത്രി വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം; മറ്റാരും ഇത് ചെയ്യില്ലെന്നാണ് ഹരിഹരൻ

രാത്രി വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നാരോപിച്ച് കെഎസ് ഹരിഹരൻ. സിപിഎം അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നാണ് ഹരിഹരൻ പറയുന്നത്. ആക്രമണത്തിന് മുമ്പ് വീടിന് സമീപത്ത് കണ്ട കാര്‍ വടകര രജിസ്ട്രേഷനിലുള്ളതാണെന്നും എന്നാലീ കാര്‍ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് ഹരിഹരൻ പറയുന്നത്. 

മാപ്പ് പറഞ്ഞാൽ തീരില്ലെന്ന പി മോഹനന്‍റെ പ്രസ്താവനയുടെ തുടർച്ചയാണ് ആക്രമണമെന്നും ഹരിഹരൻ ആരോപിച്ചു. ലളിതമായ ഖേദപ്രകടനത്തില്‍ ഇത് അവസാനിക്കില്ലെന്ന് ഇന്നലെ തന്നെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു.

ഇന്നലെ രാത്രി 8:15ഓടെയാണ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തു മതിലില്‍ തട്ടി പൊട്ടി തെറിച്ചുപോയതിനാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല. വൈകാതെ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 

സ്ഫോടനം നടന്ന് അല്‍പസമയത്തിനകം ഇത് ചെയ്തവര്‍ തന്നെ തിരികെ വന്ന് സ്ഫോടകവസ്തുക്കളുടെ അവശിഷ്ടം വാരിയെടുത്ത് കൊണ്ടുപോയതായും ഹരിഹരൻ വെളിപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. നടി മഞ്ജു വാര്യര്‍, സിപിഎം നേതാവ് കെകെ ശൈലജ എന്നിവരുടെ പേര് സൂചിപ്പിച്ചുകൊണ്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് ഏറെ വിവാദമായത്. പ്രസ്താവന വിവാദമായതോടെ ഹരിഹരൻ ഖേദം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇടത് സംഘടനകള്‍ വിഷയം വലിയ രീതിയിലാണ് നേരിട്ടത്. കേസെടുക്കാൻ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ അടക്കം ഇന്നലെ പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *