രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം; തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ തരൂർ ഉന്നയിച്ച ആരോപണത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി തീരപ്രദേശങ്ങളിൽ പണം നൽകി സാമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നുവെന്നായിരുന്നു ആരോപണം. ഇത്തരം ആരോപണങ്ങൾ ആവർത്തിക്കരുതെന്നും കമ്മിഷൻ നിർദ്ദേശം നൽകി.

അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ചാനലിനും നിർദ്ദേശം നൽകി. അതേസമയം ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് തരൂരിന്റെ പ്രതിനിധി വിശദീകരണം നൽകി. നേരത്തെ രാജീവ് ചന്ദ്രശേഖർ അയച്ച വക്കീൽ നോട്ടീസിലും ഇക്കാര്യം ആണ് തരൂർ ചൂണ്ടിക്കാട്ടിയത്. രാജീവ് ചന്ദ്രശേഖറിന്റെ പേരോ പാർട്ടിയുടെ പേരോ പരാമർശിച്ചിട്ടില്ല. തെറ്റിദ്ധാരണ മൂലമോ മനഃപൂർവമോ ആണ് രാജീവ് ചന്ദ്രശേഖർ ആരോപണം ഉന്നയിക്കുന്നതെന്നും തരൂരിന്റെ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

വൈദികരെ ഉൾപ്പെടെ സ്വാധീനിക്കാനും വോട്ട് കിട്ടാൻ തീരമേഖലയിൽ പണം നൽകാനും എൻ.ഡി.എ സ്ഥാനാർത്ഥി ശ്രമിക്കുന്നുവെന്ന് ശശി തരൂർ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞതായാണ് എൻ.ഡി.എ നേതാക്കൾ പരാതി നൽകിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് ഇതു സംബന്ധിച്ച് പരാതി നൽകിയതിന് പിന്നാലയാണ് തരൂരിന് വക്കീൽ നോട്ടീസയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *