രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ സ്റ്റേ ആവശ്യം തള്ളിയത്. 

കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്. സമൂഹ മാധ്യമങ്ങളിൽ ‘ഗോമാതാ ഉലർത്ത്’ എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതിനാണ് രഹന ഫാത്തിമക്കെതിരെ കേസെടുത്തത്.

യൂട്യൂബ് ചാനൽ വഴി വർഗീയ സംഘർഷമുണ്ടാക്കാനായി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രൻ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 

യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടർന്ന് ശബരിമല ദർശനത്തിനെത്തി രഹ്ന വിവാദത്തിലായിരുന്നു. പിന്നാലെ സ്ഥാപനത്തിന്റെ സൽപ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എൻഎൽ രഹനയെ സർവീസിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *