തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. പിജി ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിൽ സ്ത്രീധനമാണെന്ന ആരോപണത്തെ തുടർന്നാണ് നിർദേശം.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയാണ് ആത്മഹത്യ ചെയ്തത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’’ എന്നു ചുരുങ്ങിയ വാക്കുകളില്‍ എഴുതിവച്ചാണ് ഷഹന ജീവനൊടുക്കിയതെന്ന് മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.
സുഹൃത്തായ ഡോക്ടർ സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഷഹന ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ ആരോപിച്ചു. പിജി പഠനകാലത്തിന്റെ തുടക്കത്തിൽ തന്നെ ഷഹ്നയുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കം മൂലമാണ് വിവാഹം മുടങ്ങിയതെന്നും ഷഹനയുടെ കുടുംബം പറയുന്നു.