യുഎസിൽ പതിറ്റാണ്ടുകൾക്കിടയിലെ കനത്ത ശീതക്കാറ്റ്, മഞ്ഞുവീഴ്ച; 2300 വിമാനങ്ങൾ റദ്ദാക്കി

അമേരിക്കയിൽ വ്യോമ, ട്രെയിൻ, റോഡ് ഗതാഗതം താറുമാറാക്കി ശീതക്കാറ്റും കനത്ത മഞ്ഞുവീഴ്ചയും. രാജ്യത്ത് 2300 വിമാനങ്ങൾ റദ്ദാക്കി. ബസ്, ട്രെയിൻ സർവീസുകളും തടസപ്പെട്ടു. ഷിക്കാഗോയിലും ഡെൻവറിലുമണ് ആഘാതം കൂടുതൽ. ജാഗ്രത പാലിക്കണമെന്നു 10 കോടിയിലധികം ജനങ്ങൾക്കു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും തണുപ്പുള്ള ക്രിസ്മസ് ദിനങ്ങളാണ് വരുന്നതെന്നാണ് മുന്നറിയിപ്പ്.

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ മിക്കയിടത്തും ശീതക്കാറ്റ് ആശങ്കയിൽ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ക്രിസ്മസ് അവധിയുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേർ യാത്രകൾക്കു തയാറെടുക്കുമ്പോഴാണു ശീതക്കാറ്റും മഞ്ഞുവീഴ്ചയും നിമിത്തം കടുത്ത നിയന്ത്രണങ്ങൾ വരുന്നത്.

ഫ്ലോറിഡയിൽപ്പോലും കഴിഞ്ഞ 30 വർഷത്തിനിടെ ഏറ്റവും തണുപ്പേറിയ ക്രിസ്മസ് ദിനങ്ങളാണു വരാൻ പോകുന്നതെന്നാണു കാലാവസ്ഥാ പ്രവചനം. കനത്ത മഞ്ഞുവീഴ്ചയ്ക്കു പുറമെ കനത്ത കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാനഡയിൽ ഉൾപ്പെടെ കനത്ത നാശനഷ്ടങ്ങൾക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

വ്യാഴം, വെള്ളി ദിവസങ്ങളിലായി രാജ്യത്താകമാനം 5300ൽ അധികം വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ‘ഫ്ലൈറ്റ് അവെയ്റി’നെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഷിക്കാഗോ വിമാനത്താവളത്തിലും വിമാനങ്ങൾ റദ്ദാക്കി. യാത്രാദുരിതം കണക്കിലെടുത്ത് യുണൈറ്റഡ്, ഡെൽറ്റ, അമേരിക്കൻ തുടങ്ങിയ വിമാനക്കമ്പനികൾ യാത്ര പുനർക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ടിക്കറ്റ് നിരക്ക് കുറച്ചു.

റോഡ് ഗതാഗതവും താറുമാറായ സ്ഥിതിയിലാണ്. കോളോറാഡോ – വ്യോമിങ് അതിർത്തിയോടു ചേർന്ന പാത ബുധനാഴ്ച കനത്ത മ‍ഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചിട്ടു.

Leave a Reply

Your email address will not be published. Required fields are marked *