മേയർ ആര്യയും എംഎൽഎയും ഇടപെട്ട് ജോലി കളഞ്ഞു; പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ

നോ പാർക്കിങ് സ്ഥലത്തു വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിനു മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഇടപെട്ട് സെക്യൂരിറ്റി ജീവനക്കാരന്‍റെ ജോലി നഷ്ടമാക്കി എന്ന് പരാതി. തിരുവനന്തപുരം വഴുതക്കാട് പാസ്പോർട്ട് ഓഫീസിന് സമീപത്തെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബാബു ആണ്‌ പരാതി ഉന്നയിക്കുന്നത്.

വഴുതക്കാട് പാസ്പോർട്ട് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിലെ സെക്യൂരിറ്റ ജീവനക്കാരാനായിരുന്നു ചന്ദ്രബാബു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. മേയറും എംഎൽഎയും കുഞ്ഞും പാസ്പോർട്ട് ഓഫീസിലേക്ക് ഔദ്യോ​ഗിക വാഹനത്തിലാണ് എത്തിയത്. ഇതിനിടെ ചന്ദ്രബാബു ജോലിചെയ്യുന്ന കെട്ടിടത്തിലെ നോ പാർക്കിങ് ബോർഡ് വെച്ച സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചു. കെട്ടിടത്തിന്‍റെ നിയമപ്രകാരം പാർക്ക് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞു. ഇതോടെ എംഎൽഎ എത്തി ഭീഷണിപ്പെടുത്തിയെന്നാണ് ചന്ദ്രബാബു പറയുന്നത്.

പാസ്പോർട്ട് ഓഫീസിൽ നിന്ന് തിരിച്ചെത്തിയ ശേഷവും എംഎൽഎ ഭീഷണിപ്പെടുത്തിയെന്നും ചന്ദ്രബാബു ആരോപിച്ചു. സംഭവം നടന്ന് പത്തുമിനിറ്റിനകം തന്നെ ജോലിയിൽ നിന്ന് മാറി നിൽക്കാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടു. ഏജൻസിയിൽ നിന്നും നിർദേശം വന്നതോടെ ജോലിയിൽ നിന്നും മാറി. മറ്റൊരു സ്ഥലത്ത് ജോലി നൽകാമെന്നായിരുന്നു ഏജൻസിയുടെ വാ​ഗ്ദാനം. ഒരു മാസം ജോലിയില്ലാതെ വീട്ടിരുന്നു. ഇതിനുശേഷം മറ്റൊരു ഏജൻസിയിലേക്ക് മാറി. അതേസമയം സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, കൂടുതൽ പ്രതികരണത്തിനില്ലെന്നുമാണ് മേയർ ആര്യാ രാജേന്ദ്രന്‍റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *