മൃതദേഹവുമായുള്ള പ്രതിഷേധം; മാത്യു കുഴൽനാടനും, മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം തുടരും, കേസ് നാളത്തേക്ക് മാറ്റി

കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ദിരയെന്ന സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ മാത്യു കുഴല്‍നാടന്‍റേയും മുഹമ്മദ് ഷിയാസിന്‍റേയും ഇടക്കാല ജാമ്യം തുടരും. ജാമ്യാപേക്ഷയിലെ വാദം കോടതി നാളേക്ക് മാറ്റി. ഏത് തരത്തിൽ ഉള്ള ആക്രമണമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.കൊല്ലപ്പെട്ട ഇന്ദിരയുടെ ബന്ധുക്കൾ ഉൾപ്പെടെ എല്ലാവരും വൈകാരികമായാണ് പ്രതികരിച്ചത്.രാവിലെ പത്തരമണിക്ക് ഇൻക്വസ്റ്റ് തുടങ്ങിയിട്ടില്ല.നൂറ് കണക്കിന് ആളുകൾ സംഭവ സ്ഥലത്തുണ്ടായിരുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന വകുപ്പിന് പുറമെ മറ്റ് വകുപ്പുകളും ചേർത്താണ് പൊലീസ് കേസെടുത്തത്. പൊലീസ് വന്ന് അപ്പോൾ തന്നെ മൃതദേഹം കൊണ്ടു പോയെന്നും പ്രതിഭാഗം വാദിച്ചു

എന്നാല്‍ പ്രതിഷേധം പ്രതികൾ മനപൂർവം ഉണ്ടാക്കിയതാണെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. പോസ്റ്റ്മോർട്ടം തുടങ്ങുന്നതിന് മുൻപാണ് പ്രതിഷേധം നടത്തിയത്. പ്രതികൾ ചെയ്ത എല്ലാ കാര്യങ്ങളും റെക്കോർഡ് ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ കോടതിയിൽ പ്ലേ ചെയ്യാമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.എന്നാല്‍ ഡിവൈഎസ്പി മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്ന് പ്രതിഭാഗം ആരോപിച്ചു.തുടര്‍ന്നാണ് കോടതി കേസ് നാളേക്ക് മാറ്റിയത്. അതുവരെ ഇടക്കാല ജാമ്യം തുടരും

Leave a Reply

Your email address will not be published. Required fields are marked *