മൃതദേഹവുമായി പ്രതിഷേധം സംഘടിപ്പിച്ച സംഭവം; മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമർശനം

കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിലെ പൊലീസ് കേസിനെതിരായ ഹർജിയിൽ എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമർശനം. പൊലീസ് പീഡനം ആരോപിച്ചുള്ള ഹർജി പരിഗണിച്ചപ്പോഴായിരുന്നു വിമർശനം.

മോർച്ചറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയത് സമ്മതമില്ലാതെയല്ലേ എന്ന് കോടതി ചോദിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലേ പ്രതിഷേധം സംഘടിപ്പിച്ചത്? പ്രതിഷേധത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചില്ലേ? അതിന് കേസ് എടുക്കരുതെന്ന് പറയാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. സംഭവത്തിൽ പൊലീസ് നാല് കേസുകൾ എടുത്തെന്ന് മുഹമ്മദ് ഷിയാസിൻറെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ പ്രശ്‌നത്തിൽ കോടതിയെ സമീപിക്കാമായിരുന്നല്ലോയെന്ന് ഹൈക്കോടതി ചോദിച്ചു. ഹർജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

അതേ സമയം ഷിയാസിനെതിരായ കോടതി വിമർശനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. കേസ് നിയമ പരമായി നേരിടും. ഇന്ദിരയുടെ കുടുംബത്തിൻറെ സമ്മതത്തോടെയാണ് മൃതദേഹം മോർച്ചറിയിൽ നിന്നും എടുത്തത്. കോൺഗ്രസിൻറെ സമരം മൂലമാണ് ആണ് ഇന്ദിരയുടെ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *