മുൻ ചീഫ് ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീശൻ അധ്യക്ഷനാക്കാനുള്ള തീരുമാനം പുന:പരിശോധിച്ചേക്കും

മനുഷ്യാവകാശ കമ്മീശൻ അധ്യക്ഷ സ്ഥാനത്തേക്ക് കേരള ഹൈക്കോടതി മുന്‍ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിച്ചേക്കും. ഫയല്‍ ഇതുവരെ സർക്കാർ രാജ്ഭവന് അയച്ചിട്ടില്ല. ജസ്റ്റിസ് മണികുമാറിന്‍റെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചേക്കില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. തീരുമാനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രേഖാമൂലം വിയോജിപ്പ് അറിയിച്ചിരുന്നു.

എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനാക്കാനുള്ള തീരുമാനം ഓഗസ്റ്റ് ആദ്യആഴ്ച കൈക്കൊണ്ടതാണെങ്കിലും ഇതുവരെ ഫയല്‍ രാജ്ഭവന് കൈമായിയിട്ടില്ല.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിയമനത്തിന് അംഗീകാരം നല്‍കാനിടയില്ല എന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. ഗവര്‍ണര്‍ക്ക് ഫയലില്‍ ഒപ്പിടാതെയിരിക്കാം, അല്ലെങ്കില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാം. ഗവര്‍ണര്‍ തിരിച്ചെത്തുമ്പോള്‍ വിശദീകരണത്തോടെ ഫയല്‍നല്‍കിയാലും അനുകൂല തീരുമാനം പ്രതീക്ഷിക്കാനുമാകില്ലെന്ന സ്ഥിതിയിലാണ് സര്‍ക്കാര്‍. ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍റെ പേരുംപരിഗണനയിലുണ്ട് .

മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമൊപ്പം അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന സമിതി അംഗമായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷനേതാവും നിയമനത്തില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. നിഷ്പക്ഷവും നീതിയുക്തവുമായി ജസ്റ്റിസ് എസ്.മണികുമാര്‍ പ്രവര്‍ത്തിച്ചേക്കില്ലെന്ന് ഉത്കണ്ഠയുണ്ട് എന്നാണ് കുറിപ്പ് പറയുന്നത്. ഈ വിയോജനക്കുറിപ്പോടെയേ ഫയല്‍ ഗവര്‍ണറുടെ അംഗീകാരത്തിന് നല്‍കാനാവൂ. സമാന അഭിപ്രായം ഗവര്‍ണറും മുന്നോട്ട് വയ്ക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു. എസ്.മണികുമാറിന് മലയാളം അറിയില്ല എന്നത് പോരയ്മയയാണ് ഗവര്‍ണര്‍ കാണുന്നത്. കൂടാതെ എസ്.മണികുമാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍തന്നെ അദ്ദേഹത്തെ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനാക്കാന്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിലും ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *