മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് എടുക്കുക. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 70 % അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപയും അതിൽ കുറവുള്ളവർക്ക് 50000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റ് 60 ശതമാനം വൈകല്യം ബാധിച്ചവര്‍ക്ക് 60,000 രൂപയും 40 മുതല്‍ 50 ശതമാനം വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപയും നല്‍കും.

ദുരിത ബാധിതര്‍ക്ക് വാടക വീട്ടിലേക്ക് മാറാന്‍ പ്രതിമാസം 6,000 രൂപ വീതം വാടക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബന്ധുവീട്ടിലേക്ക് താമസം മാറുന്നവര്‍ക്കും ഈ തുക കിട്ടും. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൂര്‍ണമായി സ്‌പോണ്‍സര്‍ഷിപ്പിലൂടെ മാറുന്നവര്‍ക്കും ഈ തുക ലഭിക്കില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം അനുവദിക്കുക. 118 പേരെ ഡിഎൻഎ പരിശോധനയിൽ ഇനിയും കണ്ടെത്താനുണ്ട്. വിദഗ്ധ സംഘത്തിന്‍റെ സമഗ്ര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ദുരന്തം ബാധിച്ച് മേഖലയിലെ പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൂവിനിയോഗ രീതികൾ ഈ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും. വിശദമായ ലിഡാർ സർവേ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം ദുരന്ത ബാധിത മേഖലകളില്‍ ഇന്നും തെരച്ചില്‍ തുടരുകയാണ്. പ്രത്യേക സോണുകളിലായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് തെരച്ചില്‍. വിദഗ്ദ്ധ സംഘം പ്രദേശത്ത് പരിശോധന തുടരുന്നുണ്ട്. രാവിലെ ഏഴ്മണിയോടെ പുനരാരംഭിച്ച തിരച്ചില്‍ തുടരുകയാണ്. ഉച്ചയോടെ കാലാവസ്ഥ പ്രതികൂലമാകാനുള്ള സാധ്യത കണക്കിലെടുത്ത് വേഗത്തിലാണ് നടപടികള്‍. ഇന്നലെ നടത്തിയ പരിശോധനയില്‍ മണ്ണിന്റെയും പാറയുടെയും സാമ്പിളുകള്‍ സംഘം ശേഖരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *