മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ ഒഴിയണം, പ്രയാസമുണ്ടെങ്കിൽ വീണയ്‌ക്കോ റിയാസിനോ സ്ഥാനം ഏൽപ്പിക്കൂ; പിവി അൻവർ

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് പി.വി. അൻവർ എം.എൽ.എ. പ്രയാസമുണ്ടെങ്കിൽ വീണയ്‌ക്കോ മന്ത്രി പി.എ. മുഹമ്മദ് റിയാസിനോ മുഖ്യമന്ത്രി സ്ഥാനം ഏൽപ്പിക്കൂ എന്നും പി.വി. അൻവർ പറഞ്ഞു.

‘ഹിന്ദുവിനൊക്കെ (ദിനപത്രം) സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതിന് മുമ്പേ മുഖ്യമന്ത്രി കേരള സമൂഹത്തോട് പറഞ്ഞതാണ് മലപ്പുറത്തെക്കുറിച്ച്. അത് അദ്ദേഹത്തിന്റെ നിലപാടാണ്. ചർച്ചയായപ്പോൾ നാടകമാക്കി മാറ്റുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇത്രയും വലിയ പ്രതിസന്ധി വിഷയത്തിൽ ഉണ്ടായിട്ട് പി.ആർ. ഏജൻസിക്കെതിരേയോ ഹിന്ദു പത്രത്തിനെതിരേയോ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തത് ഏന്തേ. വാർത്ത വന്ന് പിറ്റേദിവസം ഉച്ചയോടെയാണ് സി.എം.ഒ. അറിയുന്നത്. ഇതൊക്കെ നാടകമാണ്.

ഒരു ജില്ലയേയും മലബാറിനേയും പൂർണമായും ക്രിമിനലുകൾ എന്ന് പറയുമ്പോൾ മുഖ്യമന്ത്രി മനസ്സിലാക്കേണ്ട കാര്യമുണ്ട്, ഉദ്ദേശിക്കുന്നത് ന്യൂനപക്ഷ സമുദായത്തെ മാത്രമാണെങ്കിൽ അതല്ലാത്ത ലക്ഷക്കണക്കിനാളുകൾ ജില്ലയിലുണ്ട്. ഒരു ജില്ലയെ പരിപൂർണ്ണമായി അപരവത്കരിക്കുകയാണ്. മലപ്പുറം ജില്ല എന്ന് പറഞ്ഞാൽ എല്ലാ ജനവിഭാഗവും ഉണ്ട്. അവർക്കൊക്കെ ബാധിക്കില്ലേ. മുഖ്യമന്ത്രി മാപ്പ് പറയണം. ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയണം.

മുഖ്യമന്ത്രിപദം ഒഴിഞ്ഞു കൊടുക്കാൻ പ്രയാസമുണ്ടെങ്കിൽ അവിടെ മുഹമ്മദ് റിയാസും വീണയുമൊക്കെ ഉണ്ടല്ലോ. അവരെ ആരെങ്കിലും ഒരാളെ ഏൽക്കിക്കാമല്ലോ. നമ്മൾ പല മുഖ്യമന്ത്രിമാരേയും കണ്ടിട്ടുണ്ടല്ലോ. ലല്ലുപ്രസാദും യു.പി. മുഖ്യമന്ത്രിയുമൊക്കെ സന്നിഗ്ധഘട്ടത്തിൽ കുടുങ്ങിയപ്പോൾ അവരെന്താ ചെയ്തത്? എഴുത്തും വായനയും അറിയാത്ത ഭാര്യയാണ് ലല്ലുപ്രസാദിന്റെ ഭാര്യ. സ്‌കൂളിൽ പോയിട്ടില്ല. അവരെയാണ് മുഖ്യമന്ത്രിസ്ഥാനം ഏൽപ്പിച്ചത്. എന്നാൽ വീണയ്‌ക്കൊക്കെ അത്യാവശ്യം വിദ്യാഭ്യാവസമൊക്കെ ഉണ്ടല്ലോ. അവരെ ഏൽപ്പിക്കട്ടെ. ബാക്കി പാർട്ടി ഏറ്റെടുത്തോളും.

പാർട്ടിക്ക് വീണയെ ജയിപ്പിക്കാൻ കഴിയുമല്ലോ. എങ്ങനെയെങ്കിലും കേരളത്തെ രക്ഷപ്പെടുത്തിത്തന്നാ മതി. ഈ വിഷയത്തിൽ അതിനുള്ള മഹാമനസ്‌കത കാണിക്കട്ടെ- പി.വി. അൻവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *