മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് കൊല്ലത്ത്

മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് കൊല്ലത്ത് നടക്കും. വൈകിട്ട് ഏഴ് മണിക്ക് കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നടക്കുന്ന റാലിയിൽ നിരവധിയാളുകൾ പങ്കെടുക്കും. വിവിധ മതസാമുദായിക നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്.

ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനാ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അഞ്ച് ജില്ലകളിൽ സംഘടിപ്പിക്കുന്ന റാലിയുടെ ഭാഗമായിട്ടാണ് കൊല്ലത്തും പരിപാടി സംഘടിപ്പിക്കുന്നത്. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബഹുജന റാലികൾ സംഘടിപ്പി നടക്കുന്നത്. സിഎഎ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ജില്ലകളിലാണ് പ്രചാരണം.

സംസ്ഥാനത്ത് ഇരട്ട നീതിയെന്ന് ബിജെപി നേതാവ് എംടി രമേശ് ആരോപിച്ചിരുന്നു. പൗരത്വഭേദഗതിയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ഇടത് വലത് മുന്നണികൾ ആവശ്യപ്പെടുന്നു. എന്തുകൊണ്ട് നാമജപ ഘോഷയാത്രയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നില്ല. ഭൂരിപക്ഷ ജനവിഭാഗത്തോട് എന്തിനാണ് അവഗണന എന്നും എംടി രമേശ് ചോദിച്ചു.

കലാപം ഉണ്ടാക്കിയവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ശ്രമം നടക്കുമ്പോൾ സമാധാനപരമായി സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ നിലനിർത്തുന്നു എന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *