വിദേശയാത്ര ഉൾപ്പെടെയുള്ള ചെലവുകൾ കർശനമായി വിലക്കി എല്ലാ വകുപ്പുകൾക്കും ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മുഖ്യമന്ത്രിയും 4 മന്ത്രിമാരും വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയതിനു പിന്നാലെയാണ് നടപടി. വിദേശയാത്ര, വിമാനയാത്ര, വാഹനം വാങ്ങൽ, ഫോൺ ഉപയോഗം എന്നിവയിലെ നിയന്ത്രണങ്ങൾ പല വകുപ്പുകളും ലംഘിക്കുകയാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഉദ്യോഗസ്ഥരുടെ മാറ്റിനിയമനവും ജോലി ക്രമീകരണ വ്യവസ്ഥകളും നടപ്പാക്കാത്തതും ചെലവുചുരുക്കൽ നടപടികളെ സാരമായി ബാധിക്കുന്നു. വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, സർവകലാശാലകൾ, ക്ഷേമനിധി ബോർഡുകൾ, കമ്മിഷനുകൾ, സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്കൂളുകൾ തുടങ്ങിയവ കർശനമായി ചെലവു ചുരുക്കണം.
വീഴ്ച വരുത്തുന്നവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കും. നഷ്ടം കാരണക്കാരായ ഉദ്യോഗസ്ഥരിൽനിന്നു പലിശസഹിതം ഇൗടാക്കും. ഒഴിവാക്കാനാകാത്ത അവസരങ്ങളിൽ ധനവകുപ്പിന്റെ അനുമതിയോടെ മന്ത്രിസഭയുടെ അംഗീകാരത്തിനു വിധേയമായി മാത്രമേ ഇളവ് അനുവദിക്കൂ.