മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; പ്രതിഷേധിച്ച 8 യൂത്ത് കോൺഗ്രസുകാർ കസ്റ്റഡിയിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരുതൽ തടങ്കലും തുടരുന്നു. ഇന്ന് രാവിലെ കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തുമാണ് യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച എട്ട് യൂത്ത് കോൺഗ്രസുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

അതേസമയം, കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ മുഖ്യമന്ത്രി കാസർകോട് ജില്ലയിലെത്തി. ചീമേനി ജയിലിലാണ് ആദ്യ പരിപാടി. ചീമേനിയില്‍ തുറന്ന ജയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ന് മറ്റ് നാല് ഔദ്യോഗിക പരിപാടികളിലാണ് പിണറായി വിജയന്‍ പങ്കെടുക്കുക. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ജില്ലയിൽ  911 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ കൂടി വിന്യസിച്ചാണ് പിണറായി വിജയന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയിൽ ഉണ്ട്. കാസർകോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *