മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ഇന്ന് രാവിലെ എട്ട് മണിയോടെ ദൗത്യം പുനരാരംഭിക്കും. അതിനു മുന്നോടിയായി ആനയെ നിരീക്ഷിക്കുന്ന ജോലികൾ ട്രാക്കിങ് ടീം ആരംഭിച്ചു. ശങ്കരപാണ്ഡ്യ മേട്ടിലുള്ള അരിക്കൊമ്പനെ തുരത്തിയിറക്കി 301 കോളനി പരിസരത്ത് എത്തിക്കുന്ന ശ്രമകരമായ ജോലിയാണ് ആദ്യം. 301 കോളനിക്ക് പരിസരത്ത് എത്തിയാൽ മാത്രമേ ആനയെ മയക്കുവെടിവച്ച് പിടികൂടാനാകൂ. അരിക്കൊമ്പനെ ഇന്നു പിടികൂടിയാൽ പെരിയാർ ടൈഗർ റിസർവിലേക്കു കൊണ്ടുപോകുമെന്നാണു സൂചന.
ഇന്നലെ പുലർച്ചെ 4.30നാണു 150 പേരടങ്ങുന്ന ദൗത്യസംഘം മയക്കുവെടി വയ്ക്കാനുള്ള ഉപകരണങ്ങളുമായി രംഗത്തിറങ്ങിയത്. മയങ്ങിയാൽ കൊമ്പനെ മെരുക്കിയെടുക്കാൻ 4 കുങ്കിയാനകളും ഒപ്പമുണ്ടായിരുന്നു. അനുകൂല കാലാവസ്ഥയായതിനാൽ ഇന്നലെത്തന്നെ മയക്കുവെടി വയ്ക്കുമെന്ന സൂചനയായിരുന്നു ആദ്യം. സിമന്റ്പാലത്തിനു സമീപമുള്ള പൈൻകാട്ടിൽ രാവിലെ 6.30നു പ്രത്യക്ഷപ്പെട്ട കാട്ടാന അരിക്കൊമ്പനെന്നു കരുതി ദൗത്യസംഘാംഗങ്ങൾ ഓപ്പറേഷനു തയാറായെങ്കിലും അത് മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പനായിരുന്നു.
രണ്ടു മാസമായി പിടിയാനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനെ കാണാറുള്ളത്. ഇന്നലെ പിടിയാനക്കൂട്ടത്തിനൊപ്പം കണ്ട ചക്കക്കൊമ്പനെ അരിക്കൊമ്പനെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. അരിക്കൊമ്പനെ കണ്ടെത്താൻ പറ്റാതെ വൈകിട്ട് നാലോടെ ഇന്നലത്തെ ദൗത്യം നിർത്തിവച്ചു. പിന്നീടു വൈകിട്ട് ആറോടെ അരിക്കൊമ്പനെ ചിന്നക്കനാൽ ശങ്കരപാണ്ഡ്യമെട്ടിലെ ഇടതൂർന്ന ചോലയ്ക്കുള്ളിലാണു വനംവകുപ്പ് വാച്ചർമാർ കണ്ടെത്തിയത്.