മിഷേൽ ഷാജിയുടെ മരണം; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി കോടതി

മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിൻറെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. 2017 മാർച്ച് അഞ്ചിനാണ് മിഷേൽ ഷാജിയെ കാണാതാകുന്നത്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലിൽ നിന്നും കണ്ടെത്തുകയായിരുന്നു.

കൊച്ചിയിൽ സിഎ വിദ്യാർത്ഥിനിയായിരുന്നു പിറവം സ്വദേശിനി മിഷേൽ ഷാജി. കാണാതായ ദിവസം വൈകുന്നേരം മിഷേൽ കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പിറ്റേന്ന് വൈകുന്നേരം കൊച്ചി കായലിലാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ മിഷേലിന്റെ മരണം ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. എങ്കിൽ ദേഹത്ത് കണ്ട പാടുകളും എഫ്‌ഐആറിലെ പൊരുത്തക്കേടുകളും എങ്ങനെ ഉണ്ടായെന്നാണ് പിതാവ് ഷാജി വർഗീസ് ചോദിക്കുന്നത്.

മിഷേലിൻറെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ശരിയായ അന്വേഷണം നടന്നില്ലെന്നാണ് പരാതി. മിഷേൽ പള്ളിയിലുള്ള സമയം സിസിടിവിയിൽ വ്യക്തമായിട്ടും ഏഴ് മണിക്ക് ശേഷമാണ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതെന്ന് എഫ്‌ഐആറിൽ എഴുതിപ്പിടിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് കുടുംബം പറയുന്നു. മകൾ ജീവനൊടുക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും എല്ലാ വിവരങ്ങളും പങ്കുവെക്കുന്നയാളായിരുന്നു മിഷേലെന്നും അമ്മയും ഉറപ്പിച്ച് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *