സ്പീക്കർ എ എൻ ഷംസീർ ഖേദപ്രകടനം നടത്തണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സ്പീക്കർ മനപ്പൂർവം നടത്തിയ പരാമർശമായിരിക്കും അതെന്ന് കരുതുന്നില്ല. പ്രസംഗത്തിനിടയിൽ വന്നുപോയതാകാം. വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിച്ചത് കൊണ്ടാണ് പ്രതിഷേധം ഉണ്ടായത്. അതിൽ തെറ്റ് പറയാനാകില്ല. പാർട്ടി നിലപാടിൽ അഭിപ്രായം പറയുന്നില്ല. ശാസ്ത്രാവബോധം വളർത്തണം എന്ന് സ്പീക്കർക്ക് പറയാം. എന്നാൽ ഇത്തരം വിഷയങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നും സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും കേരളീയ സമൂഹം കലുഷിതമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മിത്ത് വിവാദത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും കുറ്റപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രംഗത്തെത്തി. ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്നും സിപിഐഎം യാഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പമാണെന്നുമാണ് ഗോവിന്ദന്റെ പുതിയ പ്രതികരണം. അള്ളാഹുവും ഗണപതിയും മിത്താണെന്ന നിലപാട് സിപിഐഎമ്മിനില്ല. മാധ്യമങ്ങള്‍ കള്ള പ്രചാര വേല നടത്തുകയാണ്. വര്‍ഗീയവാദികളുടെ ഭ്രാന്തിന് മറുപടിയില്ല. വി ഡി സതീശന്റേത് തടിതപ്പുന്ന നിലപാടാണെന്നും എം വി ഗോവിന്ദന് വിമര്‍ശിച്ചു.