മാറ്റി നിര്‍ത്തിയത് എന്തിനെന്ന് വിശദീകരിക്കേണ്ടത് നേതൃത്വം’; അതൃപ്തി പ്രകടിപ്പിച്ച് എംകെ രാഘവനും

കോണ്‍ഗ്രസിന്റെ വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷ ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് എംകെ രാഘവന്‍ എംപി. തന്നെ മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് വിശദീകരിക്കേണ്ടത് നേതൃത്വമാണ്. കെ മുരളീധരനെ ഉള്‍പ്പെടെ സംസാരിക്കാന്‍ അനുവദിക്കണമായിരുന്നു.

എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ നേതൃത്വം തയ്യാറാവണമെന്നും എംകെ രാഘവന്‍ ആവശ്യപ്പെട്ടു. സംഘടന ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും തന്റെ മുന്‍നിലപാടുകളില്‍ മാറ്റമില്ലെന്നും എം കെ രാഘവന്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ കെ സുധാകരനും വി ഡി സതീശനും രമേശ് ചെന്നിത്തലയും എം എം ഹസനും മാത്രമാണ് കെപിസിസിയുടെ ഭാഗമായി സംസാരിച്ചത്. മുന്‍ പി സി സി പ്രസിഡന്റ് എന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നായിരുന്നു കെ മുരളീധരന്റെ പരാതി.

തന്നെ മനപ്പൂര്‍വം അവഗണിച്ചെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനമെന്നും മുരളി തുറന്നടിച്ചു. എന്നാല്‍, സമയ പരിമിതി കാരണമാണ് എല്ലാ നേതാക്കള്‍ക്കും പ്രസംഗിക്കാന്‍ അവസരം ലഭിക്കാതിരുന്നത് എന്നാണ് കോട്ടയം ഡിസിസിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *