കെ സി മധു
പത്ര പ്രവർത്തകനെന്ന നിലയിൽ നാൽപ്പതു വർഷക്കാലത്തെ അനുഭവങ്ങൾക്കിടയിൽ മറക്കാനാകാത്ത ഒത്തിരി ഒത്തിരി സൗഹൃദങ്ങളുടെ കഥ കൂടി കലർന്ന് കിടപ്പുണ്ട് . വ്യക്തിപരമായ അടുപ്പത്തിന്റെ കടലാഴങ്ങൾ സൂക്ഷിച്ചവരായിരുന്നു പലരും. കളങ്കമില്ലാത്ത ഹൃദയത്തിനുടമയായിരുന്ന മാമുക്കോയയും അവരിലൊരാളാണ് . എന്ന് എവിടെ വച്ചു തുടങ്ങി ആ ബന്ധം എന്നത് ഓർമ്മക്കുമപ്പുറമെപ്പൊഴോ എവിടെയോ വച്ച് എന്നേ പറയാൻ കഴിയുന്നുള്ളു. കോഴിക്കോട് തീവണ്ടിയാപ്പീസിൽ നിന്ന് കൊല്ലത്തേക്കുള്ള ഒരു മടക്കയാത്രയിൽ ഒരിക്കൽ മാമുക്കോയയുമുണ്ടായിരുന്നു, സഹയാത്രികനായിട്ട് .1987 ലാണത്. സെക്കൻഡ് ഏ സി കൊച്ചി ലായിരുന്നു യാത്ര എന്നർക്കുന്നു. മാമുക്കോയയുമുണ്ട് കൂട്ടിന് എന്ന് അറിയിച്ചത് അഹമ്മദിക്കയാണ് . അഹമ്മതിക്ക കോഴിക്കോട് റയിൽവേ സ്റ്റേഷനിലെ വിഖ്യാതനായ പോർട്ടറാണ് . സിനിമാക്കാരുടെ ഉറ്റ മിത്രം. അക്കാലത്ത് കോഴക്കോട് ലൊക്കേഷനായി ധാരാളം ചലച്ചിത്രങ്ങളുടെ ഷൂട്ടിങ് നടന്നിരുന്നു. എല്ലാവര്ക്കും ഏതു സഹായവും എപ്പോഴും ചെയ്തുകൊടുക്കാൻ സന്നദ്ധനായി നമ്മുടെ ‘അഹമ്മദിക്ക’ എപ്പോഴും റെഡി . മാമുക്കോയ അപ്പോഴും എത്തിയിരുന്നില്ല. എന്നെ ബോഗിയിലെത്തിച്ച ശേഷം എന്തോ വാങ്ങുവാനായി അഹമ്മദിക്ക തിരക്കിട്ട് അവിടം വിട്ടു .
മിനിറ്റുകക്കകം മാമുക്കോയ എത്തി . പെട്ടിയും സഞ്ചിയുമായി പിന്നാലെ അഹമ്മദിക്കയുമുണ്ട് കൂടെ.. ആ യാത്രയിൽ ഞാനുമുണ്ടെന്നറിഞ്ഞത് മമ്മുക്കക്ക് സന്തോഷവുമായി. തിരക്ക് നന്നേ കുറവാണ് . ഇനിയൊരാൾ കൂടി ഉണ്ടാകരുതേ എന്ന പ്രാര്തഥനയോടെ ഞങ്ങൾ യാത്രക്കുള്ള വട്ടം കൂട്ടി. അഹമ്മദിക്കയുടെ കരുതൽ സഞ്ചിയിൽ നിന്ന് അത്യാവശ്യം വീര്യം ഉള്ളിലാക്കി ഞങ്ങൾ സംഭാഷണം ആരംഭിച്ചതേയുള്ളു, അതാ എത്തുന്നു മൂന്നാമതൊരാൾ കൂടി ആ കമ്പാർട്ടുമെന്റിലേക്ക് . ആളെ നല്ലവണ്ണം ശ്രദ്ധച്ചപ്പോഴാണ് മനസ്സിലായത് ,അത് സിപിഎംന്റെ ലോറൻസ് സഖാവായിരുന്നു. ഞാൻ കൃത്യമായോർക്കുന്നു. ഞങ്ങളുടെ ഈ യാത്ര 1987 ആഗസ്ത് 14 നു രാത്രിയായിരുന്നു.ലോറൻസ് സഖാവ് തിരുവനന്തപുരത്തേക്കായിരുന്നു. മാമുക്കോയയും .ഞാൻ കൊല്ലം വരെയും.ട്രെയിൻ ഇളകിത്തുടങ്ങിയതോടെ ലോറൻസ് സഖാവാണ് സംസാരം തുടങ്ങിയത് . അദ്ദേഹത്തന് മാമുക്കോയയെ സിനിമാനാടാണെന്ന നിലയിൽ അറിയുമായിരുന്നു. കുശല പ്രശ്‌നങ്ങൾക്കിടയിൽ തലസ്ഥാന നഗരത്തിലേക്കുള്ള അദ്ദേഹത്തിൻറെ യാത്രോദ്ദേശവും വെളിപ്പെടുത്തി. തൊട്ടടുത്ത ദിവസമാണ് ചരിത്ര പ്രസിദ്ധമായ ഒന്നാം മനുഷ്യ ചങ്ങല അരങ്ങേറുന്നത് . ആഗസ്ത് 15 . ഭരണ ഘടനയെ സംരക്ഷിക്കാനുള്ള മനുഷ്യ മഹാ ശൃംഗലക്കായി കേരളം നാളെ അന്ന്യോന്ന്യം കൈകോർത്തു കൊണ്ടൊരു മനുഷ്യ ചങ്ങല നിർമ്മിക്കുകയാണ് . മനുഷ്യ ചങ്ങലയുടെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചു കൊണ്ട് ലോറൻസ് സഖാവ് ഈ പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു.
‘ഞങ്ങളുടെ ഈ വലിയ പരിപാടിയിൽ പങ്കെടുക്കുവാൻ ഞാൻ തങ്ങളെ ക്ഷണിക്കുകയാണ് .’ എന്തുകൊണ്ടോ മാമുക്കോയക്ക് ആ സന്ദർഭത്തിൽ അതത്ര രുചിച്ചില്ലെന്നു വേണം കരുതാൻ. അദ്ദേഹം അപ്പോൾ തന്നെ തുറന്നു പ്രതികരിക്കുകയും ചെയ്തു.’ നിങ്ങൾ മാർക്‌സിസ്റ്റുകാർ പറയുമ്പോൾ മാത്രമാണ് ഇങ്ങനെ ഞങ്ങളും നിങ്ങളുമായി വേര്തിരിക്കാറുള്ളത് . എന്തുകൊണ്ടാണ് മനുഷ്യ ചങ്ങല നിങ്ങളുടേത് മാത്രമായി മാറുന്നത്.നമ്മുടെ പരിപാടിയിലേക്ക് എന്നായിരുന്നു എങ്കിൽ അതെത്ര നന്നായിരുന്നു. ഈ വേർതിരിവാണ് പലപ്പോഴും നിങ്ങളിൽ നിന്ന് മനുഷ്യരെ അകന്നു നില്ക്കാൻ പ്രേരിപ്പിക്കുന്നത് . ഏതായാലും ലോറെൻസ് അതത്ര കാര്യമായെടുത്തില്ലെന്നു തോന്നുന്നു. പക്ഷെ സംഭാഷണം അധികനേരം നീണ്ടുപോയില്ല. ലോറൻസ് സഖാവാണ് ഉറക്കത്തിനു വട്ടം കൂട്ടിയത് . അദ്ദേഹം താമസിയാതെ ഉറക്കം പിടിച്ചു. പിന്നീട് എത്രയോ നേരം എന്തെല്ലാം വിഷയങ്ങൾ ഞങ്ങൾ സംസാരിച്ചിരുന്നു.കടന്നുവന്ന വഴികളെക്കുറിച്ച് മാമുക്കോയ വിശദമായി സംസാരിച്ചു. മാമുക്കോയ എന്ന മഹാ മനുഷ്യനെ എനിക്കടുത്തറിയാൻ കഴിഞ്ഞ ഒരു യാത്രയായിരുന്നത് .
കോഴിക്കോടിന്റെ സാംസ്‌കാരിക മണ്ഡലം എഴുപതുകളിലും എണ്പതുകളിലുമൊക്കെ വളരെ സമ്പന്നമായിരുന്നു.വൈക്കോമ മുഹമ്മദ് ബഷീർ, എം ടി, എസ് കെ പൊറ്റക്കാട് യു എ ഖാദർ തിക്കോടിയൻ തുടങ്ങി എത്രയോ എത്രയോ പേർ ,കെ ടി മുഹമ്മദ് , കുഞ്ഞാണ്ടി. നിലമ്പൂർ ആയിഷ തുടങ്ങി നാടകത്തിന്റെ കുലപതികൾ, കവികൾ, കലാകാരന്മാർ .. ഇവരുമായെല്ലാം നിരന്തര ബന്ധമുള്ള , കലയെയും സാഹിത്യത്തെയും ഇത്രയേറെ സ്‌നേഹിക്കുന്ന ഒരു ചെറുപ്പക്കാരൻ പക്ഷെ ഉപജീവനത്തിനായി ഒരുപാട് കൂലിപ്പണികൾ ചയ്യേണ്ടി വന്ന കഥയാണ് മാമുവിന്റേത് . ചുക്കില്ലാതെ കഷായമില്ല എന്ന സ്ഥിതിയിലായിരുന്നു മാമു. എല്ലാറ്റിലുമുണ്ട് പക്ഷെ ഒന്നിലുമില്ലാത്ത ഒരവസ്ഥ. അവിടെ നിന്നായിരുന്നു മാമുക്കോയയുടെ തുടക്കം .