ചേർപ്പിനടുത്തുള്ള ചിറയ്ക്കലിൽ പലചരക്കുകട നടത്തുകയായിരുന്നു താന്ന്യംപള്ളിപ്പറമ്പിൽ സുലൈമാനെന്ന 66-കാരൻ. രണ്ടുവർഷംമുൻപാണ് പക്ഷാഘാതമുണ്ടായത്. കൃത്യമായ ചികിത്സയിൽ പ്രാഥമികകാര്യങ്ങൾ നിർവഹിക്കാമെന്ന സ്ഥിതിവന്നത് അടുത്തിടെമാത്രം. ശരീരസ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉറക്കം തീരെ കുറയുന്നെന്ന ആവലാതിയുമായി ഡോക്ടറെ സമീപിച്ചത് കഴിഞ്ഞയാഴ്ച. മാനസികസമ്മർദം ലഘൂകരിച്ച് ഉറക്കം വരാനുള്ള ഗുളിക കുറിച്ചുകൊടുത്തു.
സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മരുന്നുകിട്ടുന്ന ജനൗഷധിയിൽനിന്നാണ് ഇദ്ദേഹത്തിനായി ഏറെക്കാലമായി മരുന്നുകൾ വാങ്ങിയിരുന്നത്. മറ്റുമരുന്നുകൾക്കൊപ്പം പുതിയതും സുലൈമാൻ കഴിച്ചുതുടങ്ങി.
അഞ്ചാംദിവസത്തിലേക്ക് കടക്കുമ്പോഴേക്കും വായിലെ തൊലിപൊട്ടി വ്രണമായി. കരളിനും കുഴപ്പമുണ്ടെന്നുകണ്ട് എറണാകുളത്തെ ആശുപത്രിയിലേക്ക് ചികിത്സമാറ്റി. ഇവിടെവെച്ചാണ് മരിച്ചത്. അവിടെ ചികിത്സിച്ച ഡോക്ടർ മരുന്നുമാറിയതാണ് കാരണമെന്നു കണ്ടെത്തി. കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്. മരുന്നു മാറിനൽകിയെന്ന കാര്യം മെഡിക്കൽ സ്‌റ്റോർ അധികൃതർ സമ്മതിച്ചിട്ടുമുണ്ട്. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെത്തുടർന്നാകും അനന്തരനടപടി.