മാത്യൂ ടി തോമസിനെ ജെഡിഎസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് സി.കെ നാണു വിഭാഗം; എൽഡിഎഫിന് കത്ത് നൽകും

മാത്യു ടി തോമസിനെ ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് സി.കെ.നാണു വിഭാഗം. മാത്യു ടി തോമസിനെയും കെ കൃഷ്ണൻകുട്ടിയെയും ജനതാദൾ എസിന്റെ പ്രതിനിധികളായി എൽഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫിന് കത്ത് നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ കൊടിയും പാർട്ടി ഓഫീസും ചിഹ്നവും കേരള ജനതാദളിന് ഉപയോഗിക്കാൻ കഴിയില്ലെന്നും സി.കെ.നാണു വിഭാഗം അവകാശപ്പെട്ടു.

നേരത്തേ എച്ച്.ഡി ദേവഗൗഡ ദേശീയ അധ്യക്ഷനായ ജനദാതൾ എസ് എൻഡിഎയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ വലിയ പ്രതിസന്ധി ഉടലെടുക്കുന്നത്. ജതദാതൾ എസ് എൻഡിഎയിൽ ചേർന്നതിന് പിന്നാലെ സികെ നാണുവിനെ ദേശീയ അധ്യക്ഷനാക്കി ഒരു വിഭാഗം രംഗത്തെത്തി. ഇതിനിടയിലാണ് കേരള ഘടകമായി ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ച് മാത്യു ടി തോമസിന്റെ പ്രഖ്യാപനം ഉണ്ടായത്.

തുടർന്നാണ് ഇപ്പോൾ മാത്യു ടി തോമസിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കുന്നതായി സികെ നാണു വിഭാഗം അറിയിക്കുന്നത്. ഇന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാത്യു ടി.തോമസിനെയും മന്ത്രി കെ.കൃഷ്ണൻകുട്ടിയെയും ജനതാദൾ എസിന്റെ പ്രതിനിധികളായി എൽഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കരുത് എന്നതാണ് നാണു വിഭാഗത്തിന്റെ ആവശ്യം.

തങ്ങളാണ് യഥാർഥ പാർട്ടി ഘടകം എന്ന് കാട്ടി നേരത്തേ എൽഡിഎഫിനും തെരഞ്ഞെടുപ്പ് കമ്മിഷനും കത്ത് നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വരുന്നത് വരെ കൊടിയും ചിഹ്നവുമൊന്നും കേരള ഘടകം ഉപയോഗിക്കരുതെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *