മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ല; കുട്ടി താൽക്കാലം സിഡബ്ല്യൂസിയുടെ സംരക്ഷണയിൽ തുടരും

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി താൽക്കാലം സി ഡബ്ല്യൂ സിയുടെ സംരക്ഷണയിൽ തുടരും. മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ലെന്നും സി ഡബ്ല്യൂ സിയിൽ നിന്ന് പഠിക്കണമെന്നും കുട്ടി ആവശ്യപ്പെട്ടതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബ ബീഗം അറിയിച്ചു. അമ്മ ജോലി ചെയ്യിപ്പിച്ചതിനാലും അടിച്ചതിനലുമാണ് വീടുവിട്ടിറങ്ങിയതെന്ന് കുട്ടി പറഞ്ഞതായും ഷാനിബ ബീഗം മാധ്യമങ്ങളോട് പറഞ്ഞു.

‘കുട്ടിയുമായി സംസാരിച്ചു. ട്രെയിനിൽ വേറെ പ്രശ്‌നങ്ങൾ ഒന്നുമുണ്ടായില്ല. കൂടെ ട്രെയിനിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ ബിരിയാണി വാങ്ങി കൊടുത്തു. അത് കഴിച്ച് കിടന്ന് ഉറങ്ങുമ്പോഴാണ് വിശാഖപട്ടണത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയ്ക്ക് അസാമിലേക്ക് പോകാൻ താൽപര്യമില്ല. കേരളത്തിൽ തന്നെ തുടരനാണ് താൽപര്യം. കുട്ടിക്കും മാതാപിതാക്കൾക്കും കൗൺസിലിംഗ് നൽകും’,- ഷാനിബ ബീഗം വ്യക്തമാക്കി.

കുട്ടിയെ സി ഡബ്ല്യൂ സിയുടെ നേതൃത്വത്തിൽ രക്ഷിതാക്കളെ കാണിച്ചു. വിശാഖപ്പട്ടണത്തെ സി ഡബ്ല്യൂ സിയുടെ ഒബ്സർവേഷൻ ഹോമിലായിരുന്ന കുട്ടിയെ മലയാളി സമാജം പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ ശനിയാഴ്ചയാണ് കേരള പൊലീസിന് കൈമാറിയത്. കഴക്കൂട്ടം എസ്.ഐ വി.എസ്. രഞ്ജിത്ത്, വനിതാ പൊലീസുകാരായ ശീതൾ, ചിന്നു, പൊലീസ് ഉദ്യോഗസ്ഥൻ റെജി എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയുമായി എത്തിയത്. കാണാതായി 37 മണിക്കൂറിന് ശേഷമാണ് വിശാഖപ്പട്ടണത്ത് നിന്നും 13കാരിയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *