മാണി സി കാപ്പന്റെ വിജയം അസാധുവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പാലാ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി വി ജോണ്‍ ആണ് മാണി സി കാപ്പന്റെ വിജയം അസാധുവാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം ചെലവാക്കി, സ്ഥാനാര്‍ത്ഥിത്വത്തിന് ആവശ്യമായ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളാണ് മാണി സി കാപ്പനെതിരെ സി വി ജോണ്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. എന്നാല്‍, ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍ ഹര്‍ജി തള്ളിയത്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു.2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന്‍ 15,378 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി കാപ്പന്‍ 69,804 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി (കേരള കോണ്‍ഗ്രസ്-എം) ജോസ് കെ മാണി 54,426 വോട്ടുകളും നേടിയിരുന്നു. ഹര്‍ജിക്കാരനായ സി വി ജോണിന് 249 വോട്ടുകളാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *