മലയാളി സൈനികൻ ജോലിസ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയിൽ

മലയാളി സൈനികനെ പഞ്ചാബിൽ ജോലി സ്ഥലത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മലയാലപ്പുഴ പത്തിശേരി സൂരജ് ഭവനം സുജിത്തിനെയാണ് (33) ഇന്നലെ രാവിലെ പഞ്ചാബിലെ ഭട്ടിൻഡയിൽ ഡ്യൂട്ടി സ്ഥലത്ത് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സിഗ്‌നൽ റെജിമെന്റിലായിരുന്നു ജോലി. സീതത്തോട് ഗുരുനാഥൻമണ്ണിൽ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയായിരുന്നു സുജിത്ത്. 

കേസിൽ മറ്റു പ്രതികൾ പലരും ജാമ്യം എടുത്തിരുന്നെങ്കിലും സുജിത്ത് ജാമ്യം എടുക്കാതെ പഞ്ചാബിലേക്കു മടങ്ങി. കഴിഞ്ഞ ഒക്ടോബർ ഒന്നിനു ഗുരുനാഥൻമണ്ണിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ സുജിത്ത് ഉൾപ്പെട്ട സംഘം ആക്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു ചിറ്റാർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

മഫ്തിയിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘവുമായി സുജിത്തും സുഹൃത്തുക്കളും തർക്കത്തിലേർപ്പെടുകയും അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ സുജിത്തിനെ രണ്ടാം പ്രതിയാക്കിയാണു ചിറ്റാർ പൊലീസ് കേസെടുത്തത്. കേസ് സംബന്ധിച്ച വിവരങ്ങൾ ചിറ്റാർ പൊലീസ് സുജിത്ത് ഡ്യൂട്ടി ചെയ്യുന്ന സൈനിക കേന്ദ്രത്തിൽ അറിയിച്ചിരുന്നു.  ഇതിനെ തുടർന്ന് സുജിത്ത് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നു പറയുന്നു. ബന്ധുക്കൾ ഇന്നലെ വൈകിട്ട് പഞ്ചാബിലേക്കു തിരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ. രാജി. മകൻ. അശ്വയ് കൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *