മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമം; 2 പേർ പിടിയിൽ

പൊന്നാനിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ട് പേരെ പൊന്നാനി പൊലീസ് പിടികൂടി. നരിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുക്കാടി കുഞ്ഞിമൂസക്കാനകത്ത് ബാത്തിഷ (പുല്ല് ബാത്തി – 46), പൊന്നാനി പള്ളിപ്പടിയില്‍ താമസിക്കുന്ന ചെറുവളപ്പില്‍ ഷഹീര്‍ (22) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ചമ്രവട്ടം ജം​ഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയില്‍ വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് പൊതി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് അരക്കിലോ കഞ്ചാവ് കണ്ടെത്തി. വിദ്യാര്‍ത്ഥിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

എസ്.ഐമാരായ ആര്‍.യു. അരുണ്‍, എസ്. രാജേഷ്, എ.എസ്.ഐ. എലിസബത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍ വിശ്വന്‍, സജുകുമാര്‍, നാസര്‍, പ്രശാന്ത് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ആനന്ദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ബാത്തിഷ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *