മലപ്പുറം ജില്ല പ്രത്യേക രാജ്യം; ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്ന് വെള്ളാപ്പള്ളി

മലപ്പുറം ജില്ല പ്രത്യേക രാജ്യവും പ്രത്യേകം ചിലയാളുടെ സംസ്ഥാനവുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായ അംഗങ്ങള്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവാതെ മലപ്പുറത്ത് ഭയന്നാണ് കഴിയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്‍റെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം

‘പ്രത്യേകിച്ചും സ്വതന്ത്രമായ വായു ശ്വസിച്ചുകൊണ്ട് മലപ്പുറത്ത് നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. സ്വതന്ത്രമായി ഒരു അഭിപ്രായം പറയാന്‍ പോലും നിങ്ങള്‍ക്ക് സാധിക്കുകയില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രയും നാളായിട്ടുപോലും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ ആനൂകൂല്യം ഈ പിന്നോക്കവിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ?- വെള്ളാപ്പള്ളി പറഞ്ഞു.

വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഒന്നിച്ച് നില്‍ക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലര്‍ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവര്‍ക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയില്‍ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *