വൈദ്യുതി ബില്ലടക്കാത്തതിനാൽ മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. പ്രധാനപ്പെട്ട ഓഫീസുകളുടെ പ്രവർത്തനം വൈദ്യുതിയില്ലാതായതോടെ പ്രതിസന്ധിയിലായി. കലക്ടറേറ്റിലെ ബി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഹയർ സെക്കണ്ടറി റീജനൽ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫിസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ ശനിയാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്. ഞായറാഴ്ച അവധി ദിവസത്തിന് ശേഷമെത്തിയ ഉദ്യോഗസ്ഥർ ഓഫീസിൽ ജോലി ചെയ്യാനാകാതെ വെറുതെ ഇരിക്കുകയാണ്.
പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കണ്ടറി റീജിനൽ ഡയരക്ടറേറ്റ്, എന്നിവിടങ്ങളിലാണ് വൈദ്യുതിയില്ലാത്തത്. മാസങ്ങളായി ബിൽ കുടിശ്ശിക വന്നതിനാലാണ് നടപടിയെടുത്തതെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. ഇരുപതിനായിരം വരെ കുടിശികയുണ്ടെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.