മയക്കുമരുന്ന് വേട്ട ശക്തം; ഓണക്കാലത്ത് കര്‍ശന പരിശോധനയുമായി എക്സൈസ്

ഓണത്തോട് അനുബന്ധിച്ച്‌ ശക്തമായ എൻഫോഴ്സ്മെന്റ് നടപടികളുമായി എക്സൈസ് . ആഗസ്റ്റ് 8 മുതല്‍ 24 വരെയുള്ള 17 ദിവസങ്ങളിലായിി 7164 കേസുകളാണ് ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എടുത്തത്.

ഇതില്‍ 1201 അമ്പ്കാരി കേസുകളും 644 മയക്കുമരുന്ന് കേസുകളും ഉള്‍പ്പെടുന്നു. മയക്കുമരുന്ന് കേസുകളില്‍ 630 പ്രതികളും 44 വാഹനങ്ങളും കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്. അബ്കാരി കേസുകളില്‍ 955 പ്രതികളും 73 വാഹനങ്ങളുമാണ് പിടിയിലായത്. ഏകദേശം രണ്ടര കോടി രൂപയുടെ മയക്കുമരുന്നാണ് ഓണം ഡ്രൈവുമായി ബന്ധപ്പെട്ട് എക്സൈസ് പിടിച്ചത്.

പുകയിലയുമായി ബന്ധപ്പെട്ട 5335 കേസുകളില്‍ 5147 പേരെ പ്രതിചേര്‍ക്കുകയും 10.66 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. എക്സൈസിന്റെ ഓണം ഡ്രൈവില്‍ ഭാഗമായ എല്ലാ ഉദ്യോസ്ഥരെയും മന്ത്രി എം. ബി. രാജേഷ് അഭിനന്ദിച്ചു. സെപ്റ്റംബര്‍ 5 വരെ ഓണം സ്പെഷ്യല്‍ ഡ്രൈവ് തുടരും. വ്യാപകമായ പരിശോധനയാണ് തുടരുന്നത്. സംസ്ഥാനത്തെ എല്ലാ എക്സൈസ് ഉദ്യോഗസ്ഥരും ഡ്രൈവില്‍ ഭാഗമായിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ലഹരി കടത്ത് തടയാനും ശക്തമായ നടപടി സ്വീകരിച്ചു. ചെക്ക് പോസ്റ്റില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ശക്തമായ എൻഫോഴ്സ്മെന്റ് പ്രവര്‍ത്തനം തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഓണം ഡ്രൈവുമായി ബന്ധപ്പെട്ട് സംസ്ഥാന-ജില്ലാ-താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. എക്സൈസ് കമ്മീഷണറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്ബര്‍ 9447178000.

ലൈസൻസ്ഡ് സ്ഥാപനങ്ങളിലെ പരിശോധനയും ശക്തമാക്കി. അതിര്‍ത്തിയില്‍ ചെക്പോസ്റ്റുകളിലും, കെമു മുഖേന ഇടറോഡുകളിലും വ്യാപക പരിശോധനയും തുടരുകയാണ്. ഓണം ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 290.7 ഗ്രാം എംഡിഎംഎ, 75.64 ഗ്രാം ഹെറോയിൻ, 6.8 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 17.6 ഗ്രാം ഹാഷിഷ് ഓയില്‍, 78.19 ഗ്രാം മെതാംഫെറ്റമിൻ, 50.84 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 2.8ഗ്രാം ട്രെമഡോള്‍ എന്നിവ പിടിച്ചെടുത്തു. 139.98 കിലോ കഞ്ചാവ്, 307 കഞ്ചാവ് ചെടികള്‍, 11 ഗ്രാം കഞ്ചാവ് ബീഡികള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. അബ്കാരി കേസുകളില്‍ 802.5 ലിറ്റര്‍ ചാരായം, 27112 ലിറ്റര്‍ വാഷ്, 2629.96 ലിറ്റര്‍ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം, 528.25 ലിറ്റര്‍ വ്യാജമദ്യം എന്നിവയും പിടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *