മയക്കുമരുന്ന് ഉപയോഗം തെളിയിക്കാൻ കഴിഞ്ഞില്ല ; ഗുണ്ടാ നേതാവ് ഓം പ്രകാശിന് ജാമ്യം

ലഹരിക്കേസിൽ ഗുണ്ടാനേതാവ് ഓം പ്രകാശിന് ജാമ്യം. കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട്. നേരത്തെ, കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ് വിശദമായി അനേഷിക്കുമെന്ന് കൊച്ചി ഡിസിപി എസ്. സുദർശൻ അറിയിച്ചിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്ന മുഴുവൻ പേരെയും ചോദ്യം ചെയ്യും. പ്രതികളുടെ രക്തസാംപിൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിൽ നടന്ന ഡിജെ പാർട്ടിയെ കുറിച്ചും അന്വേഷിക്കുമെന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കൾ വിശദ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു.

അതേസമയം, ഓംപ്രകാശിനെതിരെ ആരോപണങ്ങൾ മാത്രമാണുള്ളതെന്ന് അഭിഭാഷകൻ പറഞ്ഞു. കൊക്കെയ്ൻ ഉണ്ടായിരുന്ന കവർ പിടിച്ചെടുത്തുവെന്നാണ് പറയുന്നത്. എന്നാൽ, എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നുവെന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ല. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് പൊലീസ് ചേർത്തിരുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *