മന്ത്രിയും നേതാക്കളും പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിൽ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടെത്തി രക്ഷിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലപ്പുറം വഴിക്കടവിലെത്തിയ മന്ത്രി ഒ.ആര്‍ കേളു ചങ്ങാടത്തില്‍ കുടുങ്ങി. പുന്നപ്പുഴ കടക്കുന്നതിനിടെയായിരുന്നു സംഭവം. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മന്ത്രിയെയും പ്രവര്‍ത്തകരെയും പോലീസും തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് കരയ്‌ക്കെത്തിച്ചത്. മന്ത്രി ഉള്‍പ്പെടുന്ന പത്തംഗ സംഘം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ട് കുഞ്ചക്കൊല്ലി കോളനിയിലേക്ക് വരികയായിരുന്നു. ഇതിനിടയിലാണ് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടം പുഴയ്ക്ക് നടുവിലായിട്ടുള്ള ഒരു കല്ലില്‍ തട്ടി നിന്നത്. നാലുപേര്‍ സഞ്ചരിക്കുന്ന ചങ്ങാടത്തില്‍ പത്തുപേര്‍ കയറിയതാണ് പ്രശ്നമായതെന്നാണ് റിപ്പോര്‍ട്ട്.

പുഴ കടന്ന മന്ത്രി കോളനിയിലെത്തി നാട്ടുകാരുമായി സംസാരിച്ചു. ഇതിനിടയില്‍ പുഴകടക്കാന്‍ ചങ്ങാടമല്ലാതെ മറ്റ് സംവിധാനങ്ങളില്ലാത്തത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇവിടെ നേരത്തെയുണ്ടായിരുന്ന കമ്പിപ്പാലം പ്രളയത്തില്‍ തകര്‍ന്നുപോയതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *