‘മനസിന് വല്ലാത്ത നൊമ്പരമുണ്ട്’: അയ്യപ്പ ദർശനത്തിനായി ശബരിമല സന്നിധാനത്തെത്തി ചാണ്ടി ഉമ്മൻ

അയ്യപ്പ ദർശനത്തിനായി ശബരിമല സന്നിധാനത്തെത്തി ചാണ്ടി ഉമ്മൻ എംഎൽഎ. രണ്ടാം തവണയാണ് ചാണ്ടി ഉമ്മൻ മലകയറുന്നത്. 2022ലായിരുന്നു ആദ്യമായി ദർശനത്തിനെത്തിയത്. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ട് വ്രതം തുടങ്ങിയെന്ന് എംഎൽഎ പറഞ്ഞു. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്കൊപ്പം ഇന്നലെ രാത്രി എട്ടുമണിക്കാണ് ചാണ്ടി സന്നിധാനത്ത് എത്തിയത്.

പതിനെട്ടാംപടി കയറിവന്നപ്പോഴായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തിരിച്ചറിഞ്ഞത്. തനിക്ക് പ്രത്യേക പരിഗണന ഒന്നും വേണ്ടെന്നുപറഞ്ഞ് തൊഴുതുനീങ്ങി. ചിലർക്കൊപ്പം ഫോട്ടോ എടുക്കാനും നിന്നുകൊടുത്തു. മാളികപ്പുറത്തും ദർശനം നടത്തി.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മനഃപ്പൂർവ്വം മാറ്റിനിർത്തിയതായി കഴിഞ്ഞദിവസം വ്യക്തമാക്കിയല്ലോ എന്ന് ചോദിച്ചപ്പോൾ അതിനെക്കുറിച്ചൊന്നും പറയേണ്ട എന്നായിരുന്നു പ്രതികരണം. ‘വാർത്ത കൊടുത്തില്ലെങ്കിലും വേണ്ടില്ല, പിന്നെ അതിന്റെ പേരിൽ വിവാദം ഉണ്ടാക്കും. എന്നാലും എന്റെ മനസിന് വല്ലാത്ത നൊമ്പരമുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുമ്പുതന്നെ എല്ലായിടത്തുനിന്നും മാറ്റാൻ തുടങ്ങി. ഞാൻ അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ചെയ്തിട്ടില്ല. കൂടുതൽ ഒന്നും പറയാനില്ല. സങ്കടമോചകനല്ലേ അയ്യപ്പസ്വാമി, എല്ലാം അയ്യപ്പ സന്നിധിയിലാണ്’- ചാണ്ടി ഉമ്മൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *