സിപിഎം 24ാം പാർട്ടി കോൺഗ്രസിന് കൊടിയേറി. തമിഴ്‌നാട്ടിലെ മധുരയിൽ പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച് മുതിർന്ന നേതാവ് ബിമൻ ബോസ് പതാക ഉയർത്തി. അൽപ്പസമയത്തിനകം പ്രതിനിധി സമ്മേളനം ആരംഭിക്കും. കേരള സർക്കാരിനെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്തു പാർട്ടി കോൺഗ്രസ് പ്രമേയത്തിലെ വിവരങ്ങലും പുറത്തുവന്നു.
സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഉള്ള നീക്കത്തിൽ കോൺഗ്രസ് പങ്കാളിയാകുന്നുവെന്നും അധിക വരുമാനം കണ്ടെത്താനുള്ള കിഫ്ബി അടക്കമുള്ള സംവിധാനങ്ങൾക്ക് പൂർണ്ണ പിന്തുണയെന്നും പ്രമേയത്തിൽ പറയുന്നു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്നുവെന്നും പ്രമേയത്തിലുണ്ട്. നവ കേരള രേഖയെക്കുറിച്ച് പ്രത്യേകം പരാമർശമില്ല. ഹിന്ദുത്വ ശക്തികളെ സർക്കാർ ശക്തമായി ചെറുക്കുന്നുവെന്നും ഗവർണർമാരെയും സർക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും ഭരണപരമായ ഉപജാപങ്ങളിലൂടെയും ബില്ലുകൾ തടഞ്ഞുവച്ചും ഗവർണർ സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും പ്രമേയത്തിൽ പറയുന്നു.
കേരളത്തിനെതിരെ കേന്ദ്രം അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും കേരളത്തിലുള്ള സഹായങ്ങൾ തടഞ്ഞുവെച്ച് അത് മറച്ചുവെക്കാൻ അടിസ്ഥാന രഹിതമായ പ്രചാരണം നടത്തുകയാണെന്നും പ്രമേയത്തിൽ പറയുന്നു. പാർട്ടി കോൺഗ്രസിൽ 19 പ്രമേയങ്ങളായിരിക്കും അവതരിപ്പിക്കുക. ജാതി സെൻസസ് അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ടും പ്രമേയം അവതരിപ്പിക്കും.