മകളെ ശല്യം ചെയ്യുന്നുവെന്ന് പരാതി; പൊലീസ് ചോദ്യംചെയ്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

കൊല്ലം ചവറയിൽ മകളെ ശല്യം ചെയ്യുന്നുവെന്ന രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. ചവറ സ്വദേശി അശ്വന്താണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. 21 വയസായിരുന്നു. മകളെ ശല്യം ചെയ്യുന്നുവെന്ന പൊലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അശ്വന്തിനെ ചവറ പൊലീസ് സറ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു.

അശ്വന്തിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുന്ന സമയത്ത് പെൺകുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അതിന് ശേഷം രണ്ട് മണിക്കൂറോളം സ്‌റ്റേഷനിലിരുത്തി ചോദ്യം ചെയ്ത ശേഷമാണ് അശ്വന്തിനെ പൊലീസ് വിട്ടയച്ചത്. ഇന്ന് വീണ്ടും സ്‌റ്റേഷനിൽ ഹാജരാകണന്നെും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഈ വിവരമൊന്നും അശ്വന്തിന്റെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. രാത്രി 10.30ന് സുഹൃത്തുക്കളാണ് അശ്വന്തിനെ വീട്ടിൽ എത്തിച്ചത്. എന്നാൽ ഇന്ന് രാവിലെ 7 മണിയോടെ അശ്വന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

എന്നാൽ പെൺകുട്ടിയെ ശല്യം ചെയ്തതല്ലെന്നും പെൺകുട്ടിയും അശ്വന്തും പ്രണയത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. ബന്ധുക്കൾ അശ്വന്തിന്റെ മൃതദേഹവുമായി ചവറ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്. യുവാവിന്റെ മരണത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *